തെരുവത്തുപള്ളി നേർച്ചയ്‌ക്കിടെ സംഘർഷം; 2 യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ

കുഴൽമന്ദം
തെരുവത്തുപള്ളി നേർച്ചയ്‌ക്കിടെ സംഘർഷമുണ്ടാക്കിയ രണ്ട് യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ. കുഴൽമന്ദം ആനക്കോട് വീട്ടിൽ എസ് ശരത് (28), ആനക്കോട് ചാരുതയിൽ ശ്യാം (24) എന്നിവരെയാണ് കുഴൽമന്ദം സിഐ എ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പൊള്ളാച്ചിയിൽവച്ച് അറസ്റ്റ് ചെയ്തത്. ഇവരെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോൺഗ്രസുകാരുടെ കല്ലേറിൽ സിപിഐ എം കുഴൽമന്ദം ഏരിയ കമ്മിറ്റി അംഗം ആലിങ്കിൽ സ്വദേശി ആർ സുരേന്ദ്രൻ (59), ചിതലി പഞ്ഞിറോഡ് സ്വദേശി വി കൃഷ്ണകുമാർ (27) തുടങ്ങി പതിനഞ്ചോളംപേർക്ക് പരിക്കേറ്റിരുന്നു. കുഴൽമന്ദത്തെ സാമ്രാജ്യം എന്ന സംഘടനയുടെ നേർച്ചയ്‌ക്കിടെയാണ് സംഘർഷം ഉണ്ടായത്. കുളവൻമുക്കിൽനിന്ന് ആരംഭിച്ച നേർച്ച ചന്തപ്പുരയിൽ എത്തി. ഇതിനിടയിൽ ചന്തപ്പുര ജങ്‌ഷനിൽ സ്ഥാപിച്ച കോൺഗ്രസിന്റെ പതാക കോൺഗ്രസ് പ്രവർത്തകർതന്നെ നശിപ്പിച്ചു. ഇതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പല ഭാഗത്തുനിന്നായി കോൺഗ്രസുകാർ നേർച്ചയ്‌ക്കിടയിലേക്ക് കല്ലും കുപ്പിയും എറിഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ ചെന്ന സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കാണ് കല്ലേറിൽ പരിക്കേറ്റത്. നാലിന് രാത്രി ഏഴോടെയാണ് അക്രമം. പരിക്കേറ്റ സുരേന്ദ്രന് കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയ നടത്തി. സുരേന്ദ്രന് കുപ്പിയേറിൽ അഞ്ചോളം തുന്നലുണ്ട്.









0 comments