ad
Deshabhimani

അസറുദ്ദീൻ്റെ വെടിക്കെട്ടിൽ കാലിക്കറ്റിനെ തകർത്ത് ആലപ്പി

Alleppey.jpg
വെബ് ഡെസ്ക്

Published on Aug 28, 2026, 07:19 PM | 2 min read

തിരുവനന്തപുരം: മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ കാലിക്കറ്റ് ഉയർത്തിയ കൂറ്റൻ ലക്ഷ്യം മറികടന്ന് ആലപ്പി റിപ്പിൾസ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ ആലപ്പി പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. സെഞ്ചുറിയുമായി ടീമിന് വിജയമൊരുക്കിയ അസറുദ്ദീനാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.


ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും വരുൺ നായനാരും ചേ‍ർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. അഭിജിത്ത് പ്രവീണിനെ ബൗണ്ടറി പായിച്ച് തുടങ്ങിയ വരുൺ, മറുവശത്ത് ക്യാപ്റ്റൻ രോഹന്റെ വെടിക്കെട്ടിന് മികച്ച പിന്തുണ നൽകി. അഖിൽ ദേവിനെ സിക്സർ പറത്തി കളംനിറഞ്ഞ വരുണിന്റെ ബാറ്റിംഗ് മികവിൽ വെറും ഒമ്പത് ഓവറിൽ കാലിക്കറ്റ് സ്കോർ നൂറ് കടന്നു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 51 പന്തിൽ 96 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. 28 പന്തിൽ സീസണിലെ തന്റെ ആദ്യ അർധ സെഞ്ചുറി തികച്ച വരുൺ, 36 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്താണ് ക്രീസ് വിട്ടത്. രോഹൻ കുന്നുമ്മൽ 42 റൺസെടുത്തു.


വരുൺ നൽകിയ മികച്ച അടിത്തറയിൽ നിന്നായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ അഖിൽ സ്കറിയയുടെ വെടിക്കെട്ട് ഇന്നിംഗ്സ്. അവസാന ഓവറുകളിൽ ആലപ്പി ബൗളർമാരെ കടന്നാക്രമിച്ച അഖിൽ അക്ഷരാർത്ഥത്തിൽ കളംനിറഞ്ഞു കളിച്ചു. സിബിൻ ഗിരീഷും അഖിൽ ദേവും അഖിലിന്റെ ബാറ്റിംഗിന്റെ ചൂടറിഞ്ഞു. ഇന്നിംഗ്സിലെ അവസാന ഓവറിലെ അവസാന നാല് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസാണ് താരം അടിച്ചെടുത്തത്. വെറും 38 പന്തിൽ നിന്ന് നാല് കൂറ്റൻ സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 72 റൺസെടുത്ത അഖിലിന്റെ തകർപ്പൻ ഫിനിഷിംഗാണ് കാലിക്കറ്റിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.


മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് തുടക്കത്തിൽ തന്നെ ആകാശ് പിള്ളയുടെ (1) വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ സച്ചിൻ ബേബിക്കും (19) അധികം പിടിച്ചുനിൽക്കാനായില്ല. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് അസ്ഹറുദ്ദീനും ടി കെ അക്ഷയ്‍യും ചേർന്നാണ് കളിയുടെ ഗതി മാറ്റിയത്. 49 പന്തുകളിൽ നിന്ന് 82 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 43 റൺസെടുത്ത അക്ഷയിനെ പുറത്താക്കി ഹരികൃഷ്ണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടർന്നെത്തിയ കെ.എ. അരുണും അസ്ഹറുദ്ദീന് മികച്ച പിന്തുണയായി. 15 ഓവർ പൂർത്തിയാകുമ്പോൾ ഏഴ് വിക്കറ്റ് ശേഷിക്കെ 30 പന്തുകളിൽ നിന്ന് 67 റൺസായിരുന്നു ആലപ്പിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.


എന്നാൽ അസറും അരുണും ചേർന്ന് ആഞ്ഞടിച്ചതോടെ റിപ്പിൾസ് വിജയവഴിയിലേക്ക് നീങ്ങി. വിജയത്തിന് 22 റൺസ് അകലെ 14 പന്തുകളിൽ നിന്ന് 31 റൺസെടുത്ത അരുൺ പുറത്തായി. തുടർന്നെത്തിയ സിബിൻ ഗിരീഷിനെ വെറും കാഴ്ചക്കാരനാക്കി മൂന്ന് പന്തുകൾ ബാക്കിനിൽക്കെ അസർ ടീമിനെ വിജയത്തിലെത്തിച്ചു. 60 പന്തുകളിൽ അഞ്ച് ഫോറും പത്ത് സിക്സുമടക്കം 112 റൺസുമായി അസർ പുറത്താകാതെ നിന്നു. ഈ സീസണിൽ അസ്ഹറുദ്ദീന്റെ രണ്ടാം സെഞ്ചുറിയാണിത്. കാലിക്കറ്റിനു വേണ്ടി ഹരികൃഷ്ണൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home