മഴ കനക്കും
ഇന്നും നാളെയും മഞ്ഞ ജാഗ്രത


സ്വന്തം ലേഖകൻ
Published on Jun 08, 2026, 12:00 AM | 1 min read
പാലക്കാട്
ജില്ലയിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഞ്ഞ ജാഗ്രതയാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. മിന്നലടിക്കുന്നതിന്റെ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ നിസാരമായി കാണരുത്. ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ജലാശയങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം. കെട്ടിടങ്ങളുടെ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. കാറ്റിലും മിന്നലിലും വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ തുറന്ന വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കണം. കഴിഞ്ഞ രണ്ട് ദിവസം ഓറഞ്ച് ജാഗ്രതയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴ ലഭിച്ചു. പട്ടാമ്പിയിലാണ് കൂടുതൽ മഴ ലഭിച്ചത് – 77 മില്ലിമീറ്റർ. പറമ്പിക്കുളത്താണ് കുറവ് – ഏഴ് മില്ലിമീറ്റർ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണിൽ ഇതുവരെ 31 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. 70.5 മില്ലിമീറ്ററാണ് ലഭിക്കേണ്ടിയിരുന്നത്. ഏഴ് ദിവസത്തിൽ 92.5 മില്ലിമീറ്റർ മഴ ലഭിച്ചു.
നിസാരമല്ല മിന്നൽ
മിന്നലിന്റെ ആഘാതത്തിൽ പൊള്ളൽ, കാഴ്‌ചയോ, കേൾവിയോ നഷ്ടമാകൽ, ഹൃദയാഘാതം തുടങ്ങിയവ സംഭവിക്കാം. മിന്നലേറ്റ വ്യക്തിക്ക് പ്രഥമ ശുശ്രൂഷ നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ലാത്തതിനാൽ സധൈര്യം വ്യക്തിയെ സമീപിക്കാം. മിന്നലേറ്റശേഷമുള്ള ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സാധ്യതയേറെയാണ്. പ്രഥമ ശുശ്രൂഷ ഉറപ്പാക്കിയശേഷം ഉടൻ ആശുപത്രിയിലെത്തിക്കണം. പൊള്ളലേറ്റ ഭാഗങ്ങൾ വൃത്തിയുള്ള തുണികൊണ്ട് മൂടണം.











0 comments