ad
Deshabhimani

പ്രസവത്തിന് പിന്നാലെ രക്തം മാറി നൽകി; 24കാരി ഗുരുതരാവസ്ഥയിൽ

blood transfusion
വെബ് ഡെസ്ക്

Published on Jul 18, 2026, 07:12 AM | 1 min read

ജോധ്പുർ: പ്രസവത്തിന് പിന്നാലെ രക്തം മാറി നൽകിയതിനെ തുടർന്ന് 24കാരി ഗുരുതരാവസ്ഥയിൽ. രാജസ്ഥാനിലെ ജോധ്പുരിലുള്ള ഉമ്മേദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധാപ്പു ഭീലിനാണ് രക്തഗ്രൂപ്പ് മാറ്റി നൽകിയത്. ഇപ്പോൾ മഹാത്മാഗാന്ധി ആശുപത്രി ഐസിയുവിൽ തുടർച്ചയായ ഡയാലിസിസിലാണ്.


ജൂലൈ 11ന് പ്രസവിച്ച ധാപ്പുവിനെ കടുത്ത വിളർച്ചയെ തുടർന്ന് ഉമ്മേദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ധാപ്പുവിന്റെ രക്തഗ്രൂപ്പായ ഒ പോസിറ്റീവ് രക്തമാണ് ആദ്യം നൽകിയത്. എന്നാൽ ജൂലൈ 12ന് രാത്രിയിൽ, രണ്ടാമത്തെ രക്തമാറ്റത്തിനിടെ ഒ പോസിറ്റീവിന് പകരം ബി പോസിറ്റീവ് രക്തം നൽകിയതോടെയാണ് ആരോഗ്യനില മോശമായത്. തുടർന്ന് മഹാത്മാഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


രക്തം നൽകിയതിന് പിന്നാലെ യുവതിക്ക് ശക്തമായ വിറയൽ അനുഭവപ്പെടുകയും മൂത്രസഞ്ചിയിൽ രക്തം കാണുകയും ചെയ്തതായി കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് ആരോഗ്യനില മോശമാവുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും മൂത്രം നിലയ്ക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.


ജൂലൈ 13നാണ് ധാപ്പുവിനെ മഹാത്മാഗാന്ധി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയത്. പൊരുത്തപ്പെടാത്ത രക്തം നൽകിയതിനെ തുടർന്ന് വൃക്കകൾക്ക് ഗുരുതരമായ തകരാറുണ്ടായെന്ന് ആശുപത്രി സൂപ്രണ്ട് ഫത്തേ സിങ് പറഞ്ഞു. യുവതി തുടർച്ചയായ ഡയാലിസിസിലാണെന്നും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.


തെറ്റായ രക്തം നൽകിയതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് കുടുംബത്തെ അറിയിച്ചിരുന്നില്ലെന്ന് ഭർത്താവ് കിഷനാരം ആരോപിച്ചു. ആദ്യത്തെ രക്തമാറ്റത്തിന് ശേഷം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും രണ്ടാമത്തെ രക്തമാറ്റത്തിന് പിന്നാലെയാണ് ആരോഗ്യനില മോശമായതെന്നും അദ്ദേഹം പറഞ്ഞു.


ഉമ്മേദ് ആശുപത്രിയിൽ ഒരേ പേരുള്ള രണ്ട് സ്ത്രീകൾ ചികിത്സയിലുണ്ടായിരുന്നതും അവരുടെ ഭർത്താക്കന്മാർക്കും ഒരേ പേരായിരുന്നതുമാണ് പിഴവിന് കാരണമായതെന്നാണ് ആശുപത്രി വൃത്തങ്ങളുടെ പ്രാഥമിക നിഗമനം. ഇവരിൽ ഒരാളുടെ രക്തഗ്രൂപ്പ് ബി പോസിറ്റീവായിരുന്നു.


സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി എസ് എൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ബി എസ് ജോധ അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home