ജന്തര്‍ മന്തറില്‍ പൊലീസിന്‍റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് നീക്കി

ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ നിരാഹാരസമരം 21–ാം ദിവസത്തിലേക്ക് കടന്നിരിക്കെ ജന്തർ മന്തറിലെ സമരപ്പന്തലിൽ അപ്രതീക്ഷിത നടപടിയുമായി ഡൽഹി പൊലീസ്. സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് നീക്കി. നിലവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ശനിയാഴ്ച പുലർച്ചെ സമരസ്ഥലത്തുണ്ടായിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. സസമരപ്പന്തലിലേക്ക് പോകാനും വിദ്യാർഥികളെ അനുവദിച്ചില്ല. ഇതോടെ സമരക്കാരും പൊലീസും തമ്മിൽ തർക്കവും സംഘർഷാവസ്ഥയുമുണ്ടായി.
വെള്ളിയാഴ്ച രാത്രിയിൽ സോനം വാങ്ചുക്കിന് നേരെ ആക്രമണശ്രമമുണ്ടായതിന് പിന്നാലെയാണ് പൊലീസ് നടപടി. അജ്ഞാതർ വാങ്ചുക്കിനുനേരെ ഒരു വസ്തു എറിഞ്ഞതായും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതിരുന്നതെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. രാത്രി 11.44നാണ് ദീപ്കെ ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
സമാധാനപരമായ സമരം തകർക്കാൻ ആളുകളെ അയക്കുമെന്ന് പൊലീസിലെ ഒരാൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതായും ദീപ്കെ പറഞ്ഞു. വാങ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്രസർക്കാരായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണശ്രമത്തെക്കുറിച്ച് ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സമരപ്പന്തലിൽ പൊലീസ് ഇടപെടുന്നത് ഇതാദ്യമല്ല. വെയിലിൽനിന്ന് വാങ്ചുക്കിനെ സംരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന താൽക്കാലിക മേൽക്കൂര നീക്കണമെന്ന് ജൂലൈ 13ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി പൊലീസും സമരനേതാക്കളും തമ്മിൽ തർക്കമുണ്ടായി.
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലും മറ്റ് പരീക്ഷാക്രമക്കേടുകളിലും ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വാങ്ചുക്ക് ജൂൺ 28ന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. രാജ്യത്തെ പരീക്ഷാസംവിധാനം പരിഷ്‌കരിക്കുക, ക്രമക്കേടുകളിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉയർത്തുന്നുണ്ട്.
വെള്ളിയാഴ്ച പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടുപ്രകാരം 24 മണിക്കൂറിനിടെ വാങ്ചുക്കിന്റെ ശരീരഭാരം 350 ഗ്രാം കുറഞ്ഞ് 56.55 കിലോയായി. നേരിയ നിർജലീകരണവും അനുഭവപ്പെടുന്നുണ്ട്. ദീർഘകാലം ഭക്ഷണം ലഭിക്കാത്തതിന്റെ മൂന്നാം ഘട്ടത്തിലേക്ക് ശരീരം കടന്നതായും ആന്തരികാവയവങ്ങളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷിക്കുകയാണ്.
വാങ്ചുക്കിന്റെ ആരോഗ്യനില ദിവസവും പരിശോധിക്കാനും ജീവൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജൂലൈ 20ന് പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്ന നിലപാടിലാണ് വാങ്ചുക്ക്.









0 comments