എക്സ്പ്രസ് വേയിൽ അപകടം; ഇ-റിക്ഷയുമായി കൂട്ടിയിടിച്ച് കാബ് ഡ്രൈവറുടെ നെഞ്ചിൽ ഇരുമ്പ് കമ്പി തുളച്ചുകയറി

ഗുരുഗ്രാം: ദ്വാരക എക്സ്പ്രസ് വേയിൽ ഇ-റിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ കാബ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. നിയന്ത്രണം വിട്ട ഇ-റിക്ഷ കാറിലേക്ക് ഇടിച്ചുകയറുകയും, ഇ-റിക്ഷയിലുണ്ടായിരുന്ന നീളമുള്ള ഇരുമ്പ് കമ്പി കാറിന്റെ വിൻഡ്‌ഷീൽഡ് തകർത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയുമായിരുന്നു. ഡൽഹി സ്വദേശിയായ ഹർപ്രീത് സിംഗ് (30) എന്ന ടാക്സി ഡ്രൈവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്ന് യാത്രക്കാരുമായി ഗുരുഗ്രാമിലേക്ക് വരുന്നതിനിടെ സെക്ടർ 109-ന് സമീപമാണ് അപകടം നടന്നത്.
റോഡിൽ തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഇ-റിക്ഷ ഹർപ്രീതിന്റെ കാറിലേക്ക് നേരിട്ട് ഇടിക്കുകയായിരുന്നു. നിയമവിരുദ്ധമായി ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് കമ്പികളിലൊന്ന് കാറിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത് ഹർപ്രീതിന്റെ നെഞ്ചിന്റെ വലതുഭാഗം തുളച്ച് പുറത്തേക്ക് വന്നു.
അപകടം നടന്നയുടൻ ഇ-റിക്ഷാ ഡ്രൈവർ വണ്ടി ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. ഗുരുതരമായി പരിക്കേറ്റ ഹർപ്രീതിനെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിക്കുമ്പോൾ ഹർപ്രീതിന്റെ നെഞ്ചിൽ കമ്പി തറച്ചുനിൽക്കുന്ന നിലയിലായിരുന്നു. ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം ഏകദേശം മൂന്ന് മണിക്കൂറിലധികം നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് നെഞ്ചിൽ നിന്നും ഇരുമ്പ് കമ്പി പുറത്തെടുത്തത്.
ഹർപ്രീതിന്റെ ശ്വാസകോശത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിന് കാരണക്കാരനായ ഇ-റിക്ഷാ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ചതിനും ജീവന് ഭീഷണിയുയർത്തിയതിനും ഗുരുഗ്രാം രാജേന്ദ്ര പാർക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.









0 comments