ad
Deshabhimani

ഇറാനിൽ യുഎസിന്റെ ശക്തമായ വ്യോമാക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Photo Credit : REUTERS

Photo Credit : REUTERS

വെബ് ഡെസ്ക്

Published on Jul 18, 2026, 06:33 AM | 1 min read

തെഹ്റാൻ: മിഡിൽ ഈസ്റ്റിലെ കനത്ത യുദ്ധസാഹചര്യങ്ങൾക്കിടയിൽ, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെ തുടർച്ചയായ വ്യോമാക്രമണം. തെക്കൻ ഇറാൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന' റിപ്പോർട്ട് ചെയ്തു.


ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ കമാൻഡ് സെന്ററുകൾ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, ആയുധപ്പുരകൾ എന്നിവയാണ് യു എസ് പോർവിമാനങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് അധികൃതർ അറിയിച്ചു. തങ്ങളുടെ സഖ്യകക്ഷികൾക്കും സൈനിക താവളങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ഇതെന്നും, ഇറാന്റെ ആക്രമണ ശേഷി തകർക്കുകയാണ് ലക്ഷ്യമെന്നും യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.


മിഡിൽ ഈസ്റ്റിൽ യു എസും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഇറാന്റെ അതിർത്തിക്കുള്ളിൽ വൻ നാശനഷ്ടമുണ്ടാക്കിയ ഈ പുതിയ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയും യു എസും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുകയാണ്. വെടിനിർത്തൽ വ്യവസ്ഥകൾ ഇറാൻ ലംഘിച്ചാൽ യു എസ് സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


അതേസമയം, ഹോർമുസ് കടലിടുക്കിലെ ഗതാഗത മാർഗ്ഗങ്ങളിൽ മാറ്റം വരുത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾ മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും വഷളാക്കുമെന്നും സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. തുടർച്ചയായ യു.എസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഭാഗത്തുനിന്നും കടുത്ത പ്രതികരണമാണ് ഉണ്ടാകുന്നത്. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അമേരിക്ക വലിയ വില നൽകേണ്ടി വരുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനി മുന്നറിയിപ്പ് നൽകി.


അമേരിക്കയുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടാകുന്ന ഈ സൈനിക നീക്കം മിഡിൽ ഈസ്റ്റിൽ ഒരു സമ്പൂർണ്ണ യുദ്ധത്തിന് വഴിതുറക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. വെടിനിർത്തലിനായുള്ള നയതന്ത്ര ശ്രമങ്ങൾ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളും ഇരുവിഭാഗവും തുടരുന്ന വ്യോമാക്രമണങ്ങളും മേഖലയെ കൂടുതൽ വഷളായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home