ഇറാനിലെ പാലങ്ങളും തുറമുഖങ്ങളും തകർത്ത് യുഎസ്; വ്യോമാക്രമണത്തിൽ വൻ നാശനഷ്ടം

അമേരിക്കയുടെ ആക്രമണത്തില്‍ തകര്‍ന്ന ഇറാനിലെ പാലം Photograph: Social Media/Reuters
തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയിലും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം തുടരുന്നതെന്ന് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി 7 മണിയോടെ ആരംഭിച്ച പുതിയ ആക്രമണ തരംഗത്തിൽ ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും യു.എസ് ലക്ഷ്യമിട്ടു. തെക്കൻ ഇറാന്റെ പ്രധാന പ്രവിശ്യയായ ഹോർമോസ്ഗാനിലെ നിരവധി പാലങ്ങൾ യു എസ് വ്യോമാക്രമണത്തിൽ തകർന്നു.
ഇറാന്റെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലേക്കുള്ള പ്രധാന ഗതാഗത മാർഗ്ഗങ്ങളായിരുന്നു ഈ പാലങ്ങൾ. ആക്രമണത്തിൽ ഇവിടെ ഏഴുപേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഒമാൻ ഉൾക്കടലിലെ ചബഹാർ തുറമുഖത്തുള്ള ഒരു പ്രധാന ടവർ യു എസ് ആക്രമണത്തിൽ തകർക്കപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളെ ആക്രമിക്കാൻ ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ഈ ടവർ ഉപയോഗിച്ചിരുന്നതായി യു എസ് അവകാശപ്പെടുന്നു. ഇറാന്റെ പ്രധാന വൈദ്യുതി വിതരണ സംവിധാനങ്ങൾക്കും ഇറാൻഷഹർ വിമാനത്താവളത്തിനും നേരെയും യു എസ് ബോംബിംഗ് നടത്തി.
ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളും പവർ പ്ലാന്റുകളും തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെയുണ്ടാക്കിയ താൽക്കാലിക സമാധാന കരാർ നിലവിൽ പൂർണമായും തകർന്ന നിലയിലാണ്. അതേസമയം ഇറാനിയൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കും മേൽ അമേരിക്ക കടുത്ത ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇറാൻ നിലവിൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ അനുമതിയില്ലാതെ കടന്നുപോകാൻ ശ്രമിച്ച തായ്‌ലൻഡ് പതാക ഘടിപ്പിച്ച ഒരു കപ്പലിന് നേരെ വെള്ളിയാഴ്ച ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്ന യു എസും അതിന് ഒത്താശ ചെയ്യുന്ന പ്രാദേശിക സഖ്യകക്ഷികളും ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി.









0 comments