ജലക്ഷാമം; വലഞ്ഞ് രോഗികൾ

ജില്ലാ വനിതാ– ശിശു ആശുപത്രിക്ക് മുന്നിൽ പൊട്ടിയ പൈപ്പും റോഡിലേക്ക് കോരിയിട്ട മണ്ണുംജില്ലാ വനിതാ– ശിശു ആശുപത്രിക്ക് മുന്നിൽ പൊട്ടിയ പൈപ്പും റോഡിലേക്ക് കോരിയിട്ട മണ്ണും
പാലക്കാട്
ജില്ലാ വനിതാ– ശിശു ആശുപത്രിയിൽ കുടിവെള്ള വിതരണം മുടങ്ങി. ആശുപത്രിക്കുമുന്നിലെ ചാലുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കിടെ പ്രധാന ജലവിതരണ പൈപ്പ് പൊട്ടിയതാണ് കാരണം. ദിവസങ്ങളായി നഗരത്തിൽ മലമ്പുഴ ജല ശുദ്ധീകരണ ശാലയിൽനിന്നുള്ള ജല വിതരണത്തിൽ നേരിടുന്ന പ്രതിസന്ധി കൂടിയായതോടെ ശുദ്ധജലം അൽപ്പംപോലും ലഭിക്കുന്നില്ല. പുറത്തുനിന്ന് ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളം ഉപയോഗിച്ചാണ് ആവശ്യങ്ങൾ നിർവഹിക്കുന്നത്. ദിവസേന പലതവണ ഇത്തരത്തിൽ വെള്ളം എത്തിക്കേണ്ടി വരുന്നത് സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നു. ആശുപത്രിക്കുമുന്നിലെ നിർമാണ പ്രവർത്തനങ്ങളിലെ അനാസ്ഥയാണ് ഇതിന് വഴിവച്ചതെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ് പൊട്ടിയ ഉടൻ നന്നാക്കാൻ അധികൃതർ തയ്യാറായില്ല. ചാലുകീറാനായി എടുത്ത കുഴികളും മണ്ണുംകാരണം ആശുപത്രിക്ക് മുന്നിലെ റോഡ് പൂർണമായും തകർന്നു. മഴ പെയ്തതോടെ കാൽനടയാത്ര പോലും അസാധ്യമായി. ചെളിയിൽ തെന്നിവീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായി. രോഗികളെയും കൊണ്ടുവരുന്ന വാഹനങ്ങൾ ഈ ചെളിപ്പാതയിൽ കുടുങ്ങുന്നതും പതിവായി. നഗരസഭയുടെ ശുചീകരണം പാളിയതോടെ ആശുപത്രിക്കുമുന്നിലെ ഓടകളിൽ മലിനജലം കെട്ടിനിൽക്കുന്നതും ആരോഗ്യഭീഷണി ഉയർത്തുന്നു. കൊതുകുശല്യവും രൂക്ഷമാണ്. പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. ആശുപത്രിക്കുമുന്നിലെ ഫുട്പാത്തുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. മലമ്പുഴ അണക്കെട്ടിൽനിന്ന് ലഭിക്കുന്ന വെള്ളത്തിലെ പായലും ചെളിയും ഫിൽറ്ററുകളിൽ അടിഞ്ഞതാണ് വിതരണത്തിൽ നേരിടുന്ന പ്രതിസന്ധിയെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.










0 comments