ജലസ്രോതസ്സുകൾ വരൾച്ചയിൽ

കുഴൽമന്ദം
വേനൽച്ചൂട് കനക്കുന്പോൾ കിണറും കുളവും വറ്റുന്ന കാഴ്ച ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. മഴക്കാലത്ത് കര കവിഞ്ഞൊഴുകിയ ഭാരതപ്പുഴയും മേഖലയിലെ മെയിൻ തോടും ഇക്കുറി ചൂടിനെ തുടർന്ന് നേരത്തെതന്നെ വറ്റുന്ന സ്ഥിതിയാണ്. മണലില്ലാത്ത പുഴയിൽ അതിവേഗത്തിലാണ് വരൾച്ച പിടിമുറുക്കുന്നത്. വൻ തോതിൽ പാഴ്പുല്ലുകൾ വളരുകയാണ്. പുഴയ്ക്കു കുറുകെ പ്രധാന സ്ഥലത്ത് നിർമിച്ചിട്ടുള്ള തടയണകളിൽ മാത്രമാണ് വെള്ളമുള്ളത്. ചെക്കുഡാമുകളിൽ ആവശ്യത്തിന് വെള്ളം സംഭരിച്ച് നിർത്താൻ കഴിയാതെ വന്നാൽ കുടിവെള്ള വിതരണം തടസപ്പെടാനുള്ള സാധ്യതയേറും. പല പഞ്ചായത്തുകളിലേയ്ക്കും കുടിവെള്ള വിതരണം സുഗമമായി നടക്കുന്നത് ചെക്കുഡാമുകളിൽ ആവശ്യാനുസരണം വെള്ളം നിലനിർത്തുന്നത് കൊണ്ടാണ്. നേരത്തെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് മലമ്പുഴ അണക്കെട്ടിലെ വെള്ളം തുറന്നുവിടുമായിരുന്നു. എന്നാൽ, ഇത്തവണ വെള്ളം തുറന്നുവിട്ടില്ല. ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിലെ മിനി കുടിവെള്ള പദ്ധതികളിലും വെള്ളത്തിന്റെ കുറവുണ്ട്. ശക്തമായ വേനൽമഴ ലഭിച്ചാൽ ഏറെ ആശ്വാസമാകും.









0 comments