മേൽപ്പാലം നിർമാണം
മരണക്കെണിയായി ഗതാഗത പരിഷ്‌കരണം

എസ് നന്ദകുമാർ
പുതുശേരി
വാളയാർ – വടക്കഞ്ചേരി ദേശീയപാതയിലെ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അശാസ്‌ത്രീയ ഗതാഗത പരിഷ്‌കരണം യാത്രക്കാരുടെ ജീവനെടുക്കുന്നു. ഒരുമാസത്തിനിടെ നാലുപേർക്കാണ് ഇവിടെ ജീവൻ നഷ്‌ടമായത്. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഒരു മാസം മുമ്പ് കണ്ണനൂർ സ്വദേശി, കഴിഞ്ഞ വ്യാഴാഴ്ച പുതുശേരി ബിപി പെട്രോൾ പമ്പിന് സമീപം കണ്ണാടി സ്വദേശിയായ യുവാവ്, അതിന് രണ്ട് ദിവസം മുമ്പ് ചന്ദ്രനഗറിൽ തമിഴ്നാട് സ്വദേശിയായ യുവാവ്, മെയ് 26ന് പുതുശേരിയിൽ കൊടുമ്പ് സ്വദേശിയായ യുവാവ് എന്നിവരാണ് മരിച്ചത്. പുതുശേരിയിൽ മരിച്ച രണ്ട് പേരും പുതിയ ഗതാഗതക്രമീകരണം തിരിച്ചറിയാനാകാതെ മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് മരിച്ചത്. ചന്ദ്രനഗറിൽ പാലം പണിക്കായി റോഡിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിലിടിച്ചാണ് തമിഴ്നാട് സ്വദേശി മരിച്ചത്. നിലവിൽ ചന്ദ്രനഗർ, പുതുശേരി, കുരുടിക്കാട്, കഞ്ചിക്കോട്, പഞ്ചായത്ത് ഓഫീസിന് സമീപം, ആലാമരം എന്നിവിടങ്ങളിലാണ് മേൽപ്പാലം പണികൾ പുരോഗമിക്കുന്നത്. ചന്ദ്രനഗർ, പുതുശേരി പഞ്ചായത്ത് ഓഫീസിന് സമീപം എന്നിവിടങ്ങളിൽ ദേശീയപാതയുടെ ഒരു ഭാഗം പൊളിച്ച് അവിടെ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ച് വടംകെട്ടിയാണ് ഗതാഗതനിന്ത്രണം. ഇത് തിരിച്ചറിയാതെ വരുന്നവരാണ് അപകടത്തിൽപ്പെടുന്നത്. രാത്രിയിലാണ് കൂടുതൽ അപകടങ്ങളും. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് ഇത് കാണാനാകാത്ത സ്ഥിതിയുണ്ട്. രാത്രി ഇവിടങ്ങളിൽ വേണ്ടത്ര വെളിച്ചമില്ലാത്തതും അപകടം വർധിപ്പിക്കുന്നു. പുതുശേരിയിൽ ഭാരത് പെട്രോളിയം പമ്പിന് സമീപം പഴയ ഡിവൈഡർ പൊളിച്ചാണ് വാഹനങ്ങൾ തിരിയാനുള്ള സ്ഥലം താൽക്കാലികമായി ഒരുക്കിയിരിക്കുന്നത്. കോയമ്പത്തൂർ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്കും വരുന്ന വാഹനങ്ങൾ ഇവിടെ ഒരേ ദിശയിലേക്ക് തിരിക്കുന്നതും, ബസ് സ്റ്റോപ്പ് ആയതിനാൽ കൂടുതൽ കാൽനട യാത്രക്കാർ ഇതുവഴി എത്തുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇവിടങ്ങളിൽ റിഫ്ലക്ടർ സ്ഥാപിക്കണമെന്നും പകൽസമയം ഗതാഗതനിയന്ത്രണത്തിന് ദേശീയപാതാ കരാർ കമ്പനി ജീവനക്കാരെ നിയമിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.











0 comments