കഞ്ചിക്കോട്ട് രണ്ട് വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു

പുതുശേരി
ദേശീയപാത കഞ്ചിക്കോട് മേഖലയിൽ രണ്ട് വാഹനാപകടങ്ങളിൽ ഒരാൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. പുതുശേരി പഞ്ചായത്ത് ഓഫീസ് ജങ്‌ഷനിൽ കണ്ടെയ്നർ ലോറി, മുട്ടകയറ്റിക്കൊണ്ടുവന്ന ചരക്കുലോറിയിലേക്ക് ഇടിച്ചുകയറി ചരക്കുലോറിയിലെ ക്ലീനർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. തമിഴ്‌നാട് നാമക്കൽ പള്ളപ്പാളയം രാമദേവം പരമത്തി വേലൂർ സ്വദേശി രാജേന്ദ്രൻ (48) ആണ് മരിച്ചത്. ലോറിഡ്രൈവർ നാമക്കൽ സ്വദേശി ഇളയരാജ (50), ലോഡിങ് തൊഴിലാളികളായ നാമക്കൽ തൊട്ടിയപാളയം നരവള്ളൂർ സ്വദേശി അജിത്ത് (24), ലാൽസിങ് (42), കണ്ടെയ്നർ ലോറി ഡ്രൈവർ കൊച്ചി സ്വദേശി ഇഷാൻ (39) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറിയുടെ മുൻവശത്തുണ്ടായിരുന്ന ക്ലീനർ ലോറിയിലെ ചില്ല് തകർന്ന് കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ കഞ്ചിക്കോട് അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്രൈവർ ഇളയരാജയുടെ കാലിനേറ്റ പരിക്ക് ഗുരുതരമാണ്. അജിത്തിന്റെയും ലാൽസിങ്ങിന്റെയും ഇഷാന്റെയും പരിക്ക് ഗുരുതരമല്ല. കഞ്ചിക്കോട് അഗ്നിരക്ഷാസേനയ്ക്കൊപ്പം ദേശീയപാത കരാർ കമ്പനിയുടെ സുരക്ഷാവിഭാഗവും ഹൈവേ പൊലീസും വാളയാർ പൊലീസും സ്ഥലത്തെത്തി. വൈകിട്ട് ആറരയോടെ മരുതറോഡ് ജങ്‌ഷനിലായിരുന്നു രണ്ടാമത്തെ അപകടം. ഓട്ടോറിക്ഷ എതിരെ വന്ന കാറിലേക്ക് ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ പാലക്കാട് വടക്കന്തറ സ്വദേശി സന്തോഷിനാണ് (38) പരിക്കേറ്റത്. ഇഡലിമാവ് വിൽപ്പനയ്ക്ക് കൊണ്ടുപോയ ഓട്ടോറിക്ഷയാണിത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. കസബ പൊലീസ് സ്ഥലത്തെത്തി. ക്രെയിൻ എത്തിച്ച് വാഹനങ്ങൾ മാറ്റി. അപകടങ്ങളെത്തുടർന്ന് ദേശീയപാതയിൽ ഉത്രാട ദിവസത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.










0 comments