ad
Deshabhimani

വടക്കഞ്ചേരി മേൽപ്പാലം അപകടക്കെണി

ദേശീയപാതയല്ലിത് ദുരന്തപാത

വടക്കഞ്ചേരി മേൽപ്പാലത്തിൽ ഗതാഗത നിയന്ത്രണത്തിനായി താൽക്കാലികമായി സ്ഥാപിച്ച ഡിവൈഡർ
വെബ് ഡെസ്ക്

Published on Jun 30, 2026, 02:00 AM | 1 min read

ശിവദാസ്‌ തച്ചക്കോട്‌

വടക്കഞ്ചേരി

ദേശീയപാത വടക്കഞ്ചേരി മേൽപ്പാലത്തിൽ നിരന്തരമായി കുത്തിപ്പൊളിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന അശാസ്ത്രീയ ഗതാഗത ക്രമീകരണം അപകടം പതിവാക്കുന്നു. ഞായറാഴ്ച മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ രണ്ട്‌ ദേശീയ സ്കേറ്റിങ്‌ താരങ്ങൾക്ക്‌ പരിക്കേറ്റിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായാണ്‌ രക്ഷപ്പെട്ടത്‌. തമിഴ്നാട്ടിൽനിന്ന്‌ എറണാകുളത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച കാറിന് മുന്നിലേക്ക് ഗതാഗത നിയന്ത്രണത്തിനായി വച്ചിരുന്ന ഡിവൈഡർ കാറ്റത്ത് പറന്നുവീഴുകയായിരുന്നു. ഇത് കണ്ട് കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിറകെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. കാറിന്റെ പിന്നിലെ സീറ്റിലിരുന്ന അനയ അനീഷ് (15), അമിയ (12) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. അമിയയുടെ അമ്മയും എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവിയുമായ ഡോ. സുമി ജോയി ഓലിയപ്പുറം, അനയയുടെ അമ്മ, മറ്റൊരു സ്കേറ്റിങ്‌ താരം എന്നിവരായിരുന്നു കാറിൽ ഒപ്പമുണ്ടായിരുന്നത്‌. കാറിന്റെ പിന്നിലിടിച്ച പിക്കപ്പ് വാനിന് വേഗം കുറഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് അപകടത്തിലേക്ക് വഴിവച്ചതെന്ന്‌ കാണിച്ച്‌ ഇവർ ദേശീയപാത അതോറിറ്റിക്കും വടക്കഞ്ചേരി പൊലീസിലും പരാതി നൽകിയിട്ടുണ്ട്‌. 2022 ഫെബ്രുവരി ആറിന് മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തശേഷം കുത്തിപ്പൊളിച്ചുപണി പതിവാണ്. വാഹനങ്ങൾ പോകുമ്പോൾ വൻ കുലുക്കം അനുഭവപ്പെടുന്നതിനെത്തുടർന്ന് പാലത്തിന്റെ ജോയിന്റുകൾ ഇരുവശവും കുത്തിപ്പൊളിച്ച് ഇരുമ്പ് റാഡ് സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്യുകയാണ്. ഇതുവരെ 96 തവണയാണ്‌ ഇങ്ങനെ കുത്തിപ്പൊളിച്ചത്‌. പാലക്കാട് ഭാഗത്തേക്കുള്ള പാലത്തിലാണ് ഇപ്പോൾ കുത്തിപ്പൊളിച്ച് പണിയുന്നത്. 11 സ്ഥലത്ത് നടക്കുന്ന പണികൾ കഴിഞ്ഞ മാസം 17നാണ് ആരംഭിച്ചത്. ഒന്നരമാസത്തോടടുക്കുമ്പോഴും പണികൾ പൂർത്തിയായിട്ടില്ല. പാലത്തിൽ പണി നടക്കുന്നതിനാൽ തൃശൂർ ഭാഗത്തേക്കുള്ള പാലത്തിലൂടെ ഇരുദിശകളിലേക്കും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ മതിയായ സൂചന ബോർഡുകളോ മറ്റ്‌ സംവിധാനങ്ങളോ ഇല്ലാതെ ഡിവൈഡർമാത്രം സ്ഥാപിച്ചതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home