പി ടി 5ന് ചികിത്സ
സഹായത്തിന് കുങ്കിയാനകളെത്തി


സ്വന്തം ലേഖകൻ
Published on Aug 05, 2025, 01:00 AM | 1 min read
പാലക്കാട്
മൂന്നാഴ്ചയായി ജനവാസമേഖലയിൽ ഭീതിപടർത്തുന്ന പി ടി അഞ്ചിനെ (ചുരുളിക്കൊമ്പൻ കാട്ടാന) പിടികൂടി ചികിത്സിക്കാനുള്ള നടപടി അന്തിമഘട്ടത്തിൽ. ചികിത്സാ സഹായത്തിനായി വയനാട്ടിൽനിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ എത്തിച്ചു. തിങ്കൾ രാവിലെ എത്തിച്ച ആനകൾ മലമ്പുഴയിലെ വാളയാർ റേഞ്ച് ഓഫീസിനുസമീപം വിശ്രമത്തിലാണ്. ദ്രുതപ്രതികരണസേനയും സ്ഥലത്തെത്തി. രണ്ടുദിവസത്തിനകം ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവും പാലക്കാട് എത്തും. തുടർന്ന് പി ടി അഞ്ചിനെ പിടികൂടാനുള്ള നടപടി ആസൂത്രണം ചെയ്യും. വലതുകണ്ണിന് കാഴ്ചക്കുറവുള്ള പി ടി 5നെ മയ്ക്കുവെടിവച്ച് ചികിത്സിക്കാൻ വനംവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. വെറ്ററിനറി ഡോക്ടർമാരും മയക്കുവെടി വിദഗ്ധരും വനംവകുപ്പ് ഉദ്യോഗസ്ഥരുംചേർന്ന് സമിതി രൂപീകരിച്ചിട്ടുണ്ട്. ജൂലൈ 12നാണ് മലമ്പുഴ വനമേഖലയിൽ പി ടി 5ന്റെ സാന്നിധ്യം വനംവകുപ്പ് അധികൃതർ തിരിച്ചറിയുന്നത്. ആനയെ പിന്നീട് പന്നിമട, ആറങ്ങോട്ടുകുളമ്പ്, പയറ്റുകാട്, വാധ്യാർചള്ള, ആരോഗ്യമട എന്നിവിടങ്ങളിലും കണ്ടെത്തി. തിങ്കൾ രാവിലെ മലമ്പുഴ റോഡിലുള്ള പന്നിമടയിലും കോങ്ങാട്ടുപാടത്തുമാണ് പി ടി 5 എത്തിയത്. രാവിലെ പന്നിമടയില്‍ കാട്ടാന റോഡ് കുറുകെ കടന്നിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനയെ തിരികെ വനത്തിലേക്ക് കയറ്റിവിട്ടു.










0 comments