മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റം
പ്രതിഷേധവുമായി ജീവനക്കാർ

സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ പാലക്കാട് സിവിൽ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. ഐഎംഎ ജങ്‌ഷനിൽനിന്നാരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷനുമുന്നിൽ സമാപിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ആർ സാജൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മേരി സിൽവസ്റ്റർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി സെയ്‌തലവി, ഡോ. ശ്രീദേവി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്-കുമാർ, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി മനേഷ് എം കൃഷണ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ സുരേഷ്, എകെജിസിടി ജില്ലാ സെക്രട്ടറി എൻ എസ് ബ്രിജേഷ് എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ് സ്വാഗതവും കെഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എം ആർ മഹേഷ്-കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ മറവിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യാപകമായ സ്ഥലംമാറ്റങ്ങളാണ് നടക്കുന്നത്. നിത്യരോഗികൾ, മാരകരോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ, വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളവർ, വനിതകൾ, ക്ലാസ് ഫോർ ജീവനക്കാർ എന്നിവരെയെല്ലാം വിദൂര സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സുതാര്യമായ ഓൺലൈൻ സ്ഥലംമാറ്റ പ്രക്രിയ അട്ടിമറിച്ച് ചില സർവീസ് സംഘടനകളുടെ താൽപ്പര്യപ്രകാരം ഉദ്യോഗസ്ഥ മേധാവികളെ ഭീഷണിപ്പെടുത്തിയാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ജീവനക്കാർ പറഞ്ഞു.








0 comments