മാനദണ്ഡം കാറ്റിൽപ്പറത്തി
ജില്ലയിൽ സ്ഥലംമാറ്റിയത് ആയിരത്തിലധികം ജീവനക്കാരെ


സ്വന്തം ലേഖകൻ
Published on Aug 12, 2026, 12:07 AM | 1 min read
പാലക്കാട്
യുഡിഎഫ് സർക്കാർ അധികാരമേറ്റതിനുശേഷം മാനദണ്ഡങ്ങളും ചട്ടങ്ങളും അട്ടിമറിച്ച് ജില്ലയിൽ സ്ഥലംമാറ്റിയത് ആയിരത്തിലധികം ജീവനക്കാരെ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഓൺലൈൻ വഴി സ്ഥലംമാറ്റം സുതാര്യമായി നടന്നിരുന്നതാണ്. എന്നാൽ, സകലവ്യവസ്ഥങ്ങളും ലംഘിച്ച് ശുപാർശക്കത്തും ലേലംവിളിയും സമ്മർദവും അടിസ്ഥാനമാക്കിയാണ് നിലവിൽ സ്ഥലംമാറ്റം. വിദ്യാഭ്യാസം, തദ്ദേശഭരണം, സഹകരണം, ആരോഗ്യം, റവന്യൂ, കൃഷി, ജിഎസ്‌ടി തുടങ്ങിയ വകുപ്പുകളിലാണ് വ്യാപക മാറ്റം. വിദ്യാഭ്യാസ വകുപ്പിൽ എഴുപതിലധികം ഉദ്യോഗസ്ഥരെയാണ് തലങ്ങും വിലങ്ങും മാറ്റിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്ഥനെ 65 കിലോ മീറ്റർ അകലേക്ക് മാറ്റി. ഇതേ ഓഫീസിലെ ടൈപ്പിസിറ്റിനെ മലപ്പുറം അതിർത്തിയിലുള്ള ആനക്കര ഡയറ്റിലേക്കാണ് മാറ്റിയത്. ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗസ്ഥരെ സാധാരണഗതിയിൽ സ്ഥലം മാറ്റാറില്ലെന്നിരിക്കെ ഈ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് സ്ഥലംമാറ്റ ഉത്തരവ്. മണ്ണാർക്കാട് എഇ ഓഫീസിൽ ജോലിചെയ്തിരുന്ന അട്ടപ്പാടി സ്വദേശിയായ പിടിഎസ് ഉദ്യോഗസ്ഥനെയും മാറ്റി. ഇരുനൂറിലധികം പേരെയാണ് ആരോഗ്യവകുപ്പിൽ ഇതിനകം സ്ഥലമാറ്റിയത്. ചെർപ്പുളശേരിയിൽനിന്ന് മാതൃക പ്രവർത്തനം നടത്തിയിരുന്ന ഒരു സ്‌റ്റാഫ് നഴ്‌സിനെ ചിറ്റൂരിലേക്കാണ് മാറ്റിയത്. കൊടുവായൂരിൽ ജോലി ചെയ്‌തിരുന്ന ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗസ്ഥനെ പുതുശേരിയിലേക്കും തച്ചനാട്ടുകരിയിൽ ജെപിഎച്ച്എൻ ആയിരുന്നയാളെ നല്ലേപ്പിള്ളിയിലേക്കും മാറ്റി. താരതമ്യേനെ ചെറിയ ശന്പളമുള്ള ഡ്രൈവർമാരെയും ദൂരസ്ഥലങ്ങളിലേക്കാണ് നിയമിച്ചത്. കൊടുവായൂരിൽനിന്നുള്ള ഡ്രൈവറെ ഒറ്റപ്പാലത്തേക്ക് മാറ്റി. പാലക്കാട് ഓഫീസിലെ ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരിയെ പട്ടാന്പിയിലേക്കും മാറ്റി. ജിഎസ്‌ടി വകുപ്പിലെ മൂപ്പത് പേരെയും പട്ടികജാതി വകുപ്പിലെ വനിത ഉദ്യോഗസ്ഥരെ ഉൾപ്പെടെയുള്ളവരെയും ദൂരസ്ഥലങ്ങളിലേക്കണ് മാറ്റിയത്. സേനകളിലും അനധികൃത നീക്കത്തിന് മാറ്റമില്ല യുഡിഎഫ് അധികാരമേറ്റതിനു തൊട്ടുപിന്നാലെ എക്‌സൈസിൽ എട്ട് വനിതകളെ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. രാഷ്‌ട്രീയവിരോധത്തിന്റെ പേരിൽ പൊലീസ് സേനയിലെ 351 പേരെ കൂട്ടമായി മാറ്റി. സ്‌പെഷ്യൽ ബ്രാഞ്ചിലെ 20 പേർ ഉൾപ്പെടെയുള്ളവരെയാണ് ഓപ്‌ഷൻ നൽകിയ സ്‌റ്റേഷനുകളിൽ ഒഴിവുണ്ടായിട്ടും ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയത്. പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളെ ജില്ലാ ആസ്ഥാനത്തുനിന്ന് മാറ്റി. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും സ്ഥാനാർഥികളെ നിർദേശിച്ചവരെയും പിന്തുണച്ചവരെയും സ്ഥലംമാറ്റി. സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ 18 പേരെമാറ്റി കൈക്കൂലിക്കും പെരുമാറ്റ ദൂഷ്യത്തിനും നടപടി നേരിട്ടവരെ നിയമിച്ചു.










0 comments