ചട്ടലംഘനം ചരിത്രത്തിലാദ്യം
പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും കൂട്ടസ്ഥലംമാറ്റം

സ്വന്തം ലേഖകൻ
Published on Aug 08, 2026, 01:18 AM | 1 min read
പാലക്കാട്
പ്രധാനാധ്യാപകർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും മാനദണ്ഡ വിരുദ്ധമായി കൂട്ടസ്ഥലംമാറ്റം. പീരുമേട്, പാല, ഇരിട്ടി, പത്തനംതിട്ടയിലെ വെണ്ണികുളം എന്നിവിടങ്ങളിലെ ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരെയാണ് സ്ഥലം മാറ്റിയത്. കണ്ണൂർ ആറളം ഫാം എച്ച്‌എസ്‌എസ്, തിരുവനന്തപുരം അരുവിക്കര ജിഎച്ച്‌എസ്‌എസ്, തിരുവനന്തപുരം പേട്ട ഗവ. ഗേൾസ് എച്ച്‌എസ്‌എസ്, കോട്ടയം പനക്കച്ചിറ ജിഎച്ച്‌എസ്, പത്തനംതിട്ട വൈപ്പൂർ എംആർഎസ്‌എൽബിവി, ഇടുക്കി മുക്കുടം ജിഎച്ച്‌എസ്, വയനാട് വാളാട് എച്ച്‌എസ്‌എസ്, ഇടുക്കി പെരിങ്ങശേരി ജിടിഎച്ച്‌എസ് എന്നിവിടങ്ങളിലെ പ്രധാനാധ്യാപകരെയും തിരുവനന്തപുരം ഗവ. ടിടിഐ പ്രിൻസിപ്പലിനെയും സ്ഥലം മാറ്റി. ജൂൺ 11നും ജൂലൈ ഒന്നിനുമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. സ്വന്തക്കാരെ ഇഷ്ടപ്രകാരം നിയമിക്കാനായിരുന്നു സ്ഥലംമാറ്റം. സ്ഥലംമാറ്റം സുതാര്യമാക്കാൻ പിണറായി സർക്കാർ കൊണ്ടുവന്ന ഓൺലൈൻ സംവിധാനം അട്ടിമറിച്ച് നേരിട്ട് ഉത്തരവിറക്കുകയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റം ഉണ്ടായിരുന്നില്ല. കൈറ്റ് വികസിപ്പിച്ച പ്രത്യേക പോർട്ടലുകൾവഴിയാണ് അന്ന് സ്ഥലംമാറ്റ നടപടികൾ സ്വീകരിച്ചിരുന്നത്. യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ട് മാസം തികയും മുന്പുതന്നെ ചട്ടങ്ങൾ കാറ്റിൽപറത്തി എൽഡിഎഫ് അനുകൂല സംഘടനാ നേതാക്കളെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റാൻ തുടങ്ങി. ഭരണപരമായ സൗകര്യാർഥം എന്ന് പറഞ്ഞാണ് സ്ഥലംമാറ്റം.










0 comments