മണിപ്പുരിൽ അഫ്‌സ്‌പ നീട്ടി; അരുണാചൽ, നാഗാലാൻഡ് സംസ്ഥാനങ്ങൾക്കും ബാധകം

പ്രതീകാത്മകചിത്രം
ഇംഫാൽ : മണിപ്പുരിലെ സംഘർഷ സാഹചര്യമുള്ള പ്രദേശങ്ങളിൽ സായുധ സേന പ്രത്യേക അധികാര നിയമം - ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ആക്ട് (അഫ്സ്പ- AFSPA) നീട്ടി കേന്ദ്രസർക്കാർ. ആറുമാസത്തേക്കാണ് നീട്ടിയത്. ഒക്ടോബർ 1 മുതൽ പുതിയ കാലാവധി പ്രാബല്യത്തിൽ വരും. നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ വിവിധ മേഖലകളിലും അഫ്‌സ്‌പ നീട്ടി. മണിപ്പൂരിൽ 13 പൊലീസ് സ്റ്റേഷനുകളുടെ പരിധി ഒഴികെ സംസ്ഥാനത്തിന്റെ മുഴുവൻ ഭാഗത്തും അഫ്സ്പ തുടരും. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കക്ചിങ് ജില്ലകളിലെ ചില പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴിവാക്കി.
നാഗാലാൻഡിൽ ദിമാപുർ, നിയുലാൻഡ്, ചുമൗകെദിമ, മോൻ, കിഫിർ, നോക്ലാക്, ഫെക്, പെരെൻ, മെലുരി എന്നീ ഒമ്പത് ജില്ലകളിലും കോഹിമ, മൊകോക്ക്ചുങ്, ലോങ്‌ലെങ്, വോഖ, സുനെബോട്ടോ എന്നീ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധികളിലും നിയമം തുടരും. അരുണാചൽ പ്രദേശിൽ തിരാപ്, ചാങ്‌ലാങ്, ലോംഗ്ഡിങ് ജില്ലകളിലും അസം അതിർത്തിയോട് ചേർന്ന നംസായി ജില്ലയിലെ നംസായി, മഹാദേവ്പുർ, ചൗഖാം പൊലീസ് സ്റ്റേഷൻ പരിധികളിലുമാണ് അഫ്സ്പ നീട്ടിയത്.
അഫ്സ്പയുടെ സെക്ഷൻ 3 പ്രകാരമാണ് ഈ പ്രദേശങ്ങളെ അശാന്ത മേഖല (disturbed areas) ആയി പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്സ്‌പ നിലവിലുള്ള പ്രദേശങ്ങളിൽ സായുധ സേനക്ക് അതിവിപുലമായ അധികാരമാണുള്ളത്. ആരെയും ഏപ്പോൾ വേണമെങ്കിലും അറസ്‌റ്റ് ചെയ്യാനും ദീർഘകാലം തടവിൽ സൂക്ഷിക്കാനും സാധിക്കും. ഏറ്റുമുട്ടലുകൾക്ക് നിയമപരിരക്ഷയുമുണ്ട്. ആവശ്യമെങ്കിൽ മുന്നറിയിപ്പ് നൽകിയശേഷം വെടിവയ്പ് നടത്താനും സൈന്യത്തിന് അധികാരമുണ്ട്. എന്നാൽ തോന്നുംപോലെ അഫ്സ്പ നിയമം ഉപയോഗിച്ച് ജനങ്ങളെ വേട്ടയാടുന്നതിനെതിരെ വർഷങ്ങളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാണ്.









0 comments