വിദേശജോലി തട്ടിപ്പ്: പാര്‍വതി മായ ഷാജി കസ്റ്റഡിയിൽ

കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍തട്ടിയ കേസില്‍ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജി കസ്‌റ്റഡിയിൽ. ശനി പകൽ 12 വരെയാണ് പാര്‍വതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിന് മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (പിഒഐ) ലൈസന്‍സ് ഇല്ലാതെയാണ് ഇടപ്പള്ളിയിലെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ഇവരുടെ ഇടപാടുകളില്‍ വിശദ അന്വേഷണം തുടങ്ങി. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ചെയ്ത രണ്ട് കേസിലാണ് ഇവര്‍ പിടിയിലായത്. പാലാരിവട്ടം പൊലീസ് പാര്‍വതിക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വഞ്ചന, ഇമിഗ്രേഷന്‍ ആക്ട് ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിദേശത്ത് ഒളിവിലായിരുന്ന പാർവതി ഇന്നലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോൾ ഇമിഗ്രേഷൻ വിഭാഗത്തിൽ തടയുകയായിരുന്നു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
പോളണ്ട്, അര്‍മേനിയ, കുവൈത്ത് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് 2023 മുതല്‍ 2025 വരെ നിരവധി ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. നിലവിലെ എഫ്ഐആര്‍പ്രകാരം രണ്ട് കേസുകളിലായി 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണുള്ളത്. പാർവതി പിടിയിലായതിനു പിന്നാലെ അമ്പതിലധികം പരാതികള്‍ പാലാരിവട്ടം പൊലീസിന് ലഭിച്ചു. ഇന്ന് മാത്രം 25 പുതിയ പരാതികളാണ് ലഭിച്ചത്. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണം വിപുലീകരിച്ചു.









0 comments