തിളങ്ങി റയാൻ വില്യംസ്; സൗഹൃദ മത്സരത്തിൽ പാനമയെ സമനിലയിൽ തളച്ച് ഇന്ത്യ

റയാൻ വില്യംസ് | Photo: Social Media
ബംഗളൂരു : അന്താരാഷ്ട്ര ഫുട്ബോൾ സൗഹൃദ മത്സരത്തിൽ പാനമയ്‌ക്കെതിരെ ഇന്ത്യയ്ക്ക് സമനില. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 41-ാം മിനിറ്റിൽ റയാൻ വില്യംസിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്.
എന്നാൽ രണ്ടാം പകുതിയുടെ 68-ാം മിനിറ്റിൽ ഒമർ വലൻസിയയിലൂടെ പാനമ സമനില പിടിക്കുകയായിരുന്നു. ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ 94 സ്ഥാനങ്ങൾ മുന്നിലുള്ള പാനമയ്‌ക്കെതിരെ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. 2026 ലോകകപ്പിൽ കളിച്ച 14 താരങ്ങളുമായി കളത്തിലിറങ്ങിയ പാനമ തുടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധനിര ഉറച്ചുനിന്നു.
ആദ്യ പകുതിയിൽ 1–0 ന് മുന്നിട്ടുനിന്ന ഇന്ത്യയ്ക്ക് രണ്ടാം പകുതിയിലും അവസരങ്ങൾ ലഭിച്ചെങ്കിലും വിജയഗോൾ കണ്ടെത്താനായില്ല. ഇന്ത്യൻ പൗരത്വം സ്വീകരിച്ച് ദേശീയ ടീമിലെത്തിയ ഓസ്‌ട്രേലിയൻ വംശജൻ റയാൻ വില്യംസ് വീണ്ടും ടീമിന്റെ രക്ഷകനാകുന്ന കാഴ്ചയ്ക്കാണ് കണ്ഠീരവ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
അരങ്ങേറ്റ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ മിന്നൽ ഗോൾ നേടിയ വില്യംസ്, പാനമയ്‌ക്കെതിരെയും ആധിപത്യം തുടർന്നു. വരാനിരിക്കുന്ന പോരാട്ടങ്ങൾക്ക് മുന്നോടിയായാണ് ഇന്ത്യ പാനമയെ നേരിട്ടത്. അന്താരാഷ്ട്ര ഫുട്ബോൾ വിൻഡോയിൽ ബ്രസീൽ, ഉറുഗ്വേ എന്നീ കരുത്തരെയാണ് ഇന്ത്യ ഇനി നേരിടുക. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ–ബ്രസീൽ പോരാട്ടം.









0 comments