ad
Deshabhimani

തൊഴിലാളികൾ ആശങ്കയിൽ; ഉറപ്പില്ല തൊഴിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സായൂജ് ചന്ദ്രന്‍

Published on Mar 31, 2026, 12:39 AM | 1 min read

പാലക്കാട്‌

"തൊഴിലുറപ്പ്‌ കൂലി മാത്രമാണ്‌ ജീവിത മാർഗം, പുതിയ മാറ്റങ്ങൾ വരുമ്പോൾ പേടിയാകുന്നു, പദ്ധതിയുടെ പഴയ രീതികൾ എല്ലാവർക്കും ഗുണമായിരുന്നു. നമ്മുടെ ആവശ്യങ്ങളും നടക്കുമായിരുന്നു. ഇനിയിപ്പോൾ എന്താകുമെന്ന്‌ അറിയില്ല’ കേന്ദ്ര സർക്കാരിന്റെ പുതുക്കിയ തൊഴിലുറപ്പ്‌ നിയമം പുതിയ സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരുന്നതിനെക്കുറിച്ച്‌ അഗളിയിലെ തൊഴിലുറപ്പ്‌ തൊഴിലാളി ധനലക്ഷ്‌മിയുടെ വാക്കുകൾ. ഇതേ ആശങ്ക തന്നെയാണ്‌ മുഴുവൻ തൊഴിലാളികൾക്കും. സാധാരണക്കാർക്ക്‌ ആശ്വാസമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി കഴിഞ്ഞ ഡിസംബറിലാണ്‌ വെട്ടിത്തിരുത്തിയത്‌. തൊഴിലാളികളെ കേൾക്കാൻ തയ്യാറാകാതെ മഹാത്മാഗാന്ധിയുടെ പേരുപോലും വെട്ടിമാറ്റി പുനർനാമകരണം ചെയ്തായിരുന്നു കേന്ദ്രത്തിന്റെ ദ്രോഹനടപടി. ‘വീട്ടിൽ ഒറ്റയ്‌ക്ക്‌ താമസിക്കുന്നവർ മുതൽ രോഗികളായ ബന്ധുക്കളുള്ളവർവരെ തൊഴിലുറപ്പിനെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. അതിനിടയിലാണ്‌ ഇ‍ൗ വല്ലാത്ത ചതി. എന്തെങ്കിലും വഴിയുണ്ടാക്കണമെന്ന്‌’ മലന്പുഴയിലെ വെള്ളച്ചി പറയുന്നു. പുതിയ നിയമം തൊഴിലിനും കൂലിക്കും മുകളിൽ കത്തിവയ്‌ക്കുന്നു. തൊഴിലാളികളുടെ ആവശ്യത്തിനനുസരിച്ച്‌ തൊഴിൽ നൽകാനും തൊഴിലെടുത്താൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കൂലി, വൈകിയാൽ പിഴപലിശ, തൊഴിൽ നൽകിയില്ലെങ്കിൽ തൊഴിൽ രഹിത വേതനം, തൊഴിലിടങ്ങളിൽ അപകടമുണ്ടായാൽ സൗജന്യ ചികിത്സ, മരണം സംഭവിച്ചാൽ രണ്ടുലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമമായിരുന്നു തൊഴിലുറപ്പുനിയമം. ഇത്തരം അവകാശങ്ങളൊന്നും സംരക്ഷിക്കാതെ തൊഴിലിന്‌ യാതൊരു ഉറപ്പും നൽകാത്തതാണ്‌ ഏപ്രിൽ ഒന്നുമുതൽ നടപ്പാകുന്ന നിയമം. പുതിയ നിയമപ്രകാരം പദ്ധതി പൂർണമായി കേന്ദ്രത്തിന്റെ കീഴിലാണ്‌. എന്നാൽ സാമ്പത്തിക ഉത്തരവാദിത്വത്തിന്റെ വലിയ ഭാഗം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കുന്നു. കൂടാതെ പദ്ധതി പ്രത്യേക ഇടങ്ങളിലേക്ക്‌ മാത്രം ചുരുക്കുന്നു. ഇതോടെ രാജ്യത്തെ കോടിക്കണക്കിന്‌ തൊഴിലാളികൾക്ക്‌ ജോലി നഷ്ടപ്പെടുമെന്ന്‌ ഉറപ്പ്‌. പാവപ്പെട്ട ജനങ്ങൾക്കുമേൽ അധികാരം പ്രയോഗിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ തൊഴിലാളികളെല്ലാവരും ഒറ്റക്കെട്ടായി രംഗത്തുണ്ട്‌. കേന്ദ്രസർക്കാർ നടത്തുന്ന തൊഴിലാളി വേട്ടയുടെ ഒടുവിലെ ഉദാഹരണമാണിതെന്നും തൊഴിലാളികൾ പറയുന്നു. ​‘‘കാര്യങ്ങൾ നടന്നുപോകുന്നത്‌ തൊഴിലുറപ്പ്‌ കൂലിയിലൂടെയാണ്‌. നാട്ടിലെ സാധാരണക്കാരെ എന്തിനാണ്‌ ഇങ്ങനെ ദ്രോഹിക്കുന്നത്‌. തീരുമാനം എടുത്തവർ മറുപടി പറയണമെന്ന മന്തക്കാട്ടെ എ ദൈവാനിയുടെ വാക്കുകളിലുണ്ട്‌ കേന്ദ്രത്തിനെതിരായ പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home