ഇത് താൻടാ പൊലീസ്

റാസൽ ജാസി, മുഹമ്മദ് ഹക്കീബ് എന്നിവർ കോഴിക്കോട് സ്‌റ്റേഷനിൽ
ശിവദാസ് തച്ചക്കോട്
Published on Mar 22, 2025, 02:00 AM | 1 min read
വടക്കഞ്ചേരി
എറണാകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് ചൊവ്വ രാത്രി ഒമ്പതിന് ബൈക്ക് മോഷ്ടിച്ചു. അതും ഓടിച്ച് വടക്കഞ്ചേരി പന്തലാംപാടത്ത് അർധരാത്രി 12.50ന് എത്തി പെട്രോൾ പമ്പിൽനിന്ന് 48,380 രൂപ കവർന്നു. മലപ്പുറം എത്തിയതോടെ ബുധൻ വൈകിട്ട് പ്രതികൾ വലയിൽ. രണ്ട് മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയത് കേരള പൊലീസിന്റെ അന്വേഷണ മികവ്. ഇതോടെ നിരവധി മോഷണങ്ങൾക്കും തുമ്പായി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ അഖിബ് ആഷിഖ് (26), റസ്സൽ ജാസി (24) എന്നിവരാണ് പിടിയിലായത്. ജീവനക്കാർ ഉറങ്ങുന്ന സമയം നോക്കി കാത്തിരുന്നാണ് പന്തലാംപാടം പെട്രോൾ പമ്പിൽനിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ചത്. കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും പിടികൂടിയത്. ചോദ്യം ചെയ്യലിൽ നിരവധി കവർച്ച കേസുകളിൽ പ്രതികളാണെന്ന് തെളിഞ്ഞു. ഇവർക്കെതിരെ സംസ്ഥാനത്തെ 10 ജില്ലകളിലായി ഇരുപതോളം കവർച്ച കേസുകൾ ഉളളതായി പൊലീസ് പറഞ്ഞു. ലഹരിവിൽപ്പനയുമുണ്ടെന്ന് സംശയിക്കുന്നു. പൊലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്. പന്തലാംപാടം പെട്രോൾ പമ്പ് കവർച്ച കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വടക്കഞ്ചേരി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് പന്നിയങ്കര സ്റ്റേഷൻ പരിധിയിലെ കേസിലാണ് പ്രതികൾ നിലവിൽ അറസ്റ്റിലായി കോഴിക്കോട് സബ്ജയിലിൽ റിമാൻഡിലുള്ളത്. മറ്റ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുള്ളതിനാൽ മുൻഗണന അനുസരിച്ചേ കസ്‌റ്റഡിയിൽ കിട്ടുകയുള്ളൂവെന്ന് വടക്കഞ്ചേരി സിഐ കെ പി ബെന്നി പറഞ്ഞു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കസ്റ്റഡിയിൽ ലഭിക്കാനാണ് സാധ്യത.










0 comments