ad
Deshabhimani

അതീവഗ‍ൗരവമുള്ള വിഷയമെന്ന്‌ ആരോഗ്യവകുപ്പ്

ഉപേക്ഷിച്ച കുത്തിവയ്‌പ്‌ സൂചി തുളച്ചുകയറി പതിമൂന്നുകാരന് പരിക്ക്

പാലക്കാട് മേപ്പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സൂചികൾ
വെബ് ഡെസ്ക്

Published on Jan 20, 2026, 02:00 AM | 1 min read

പാലക്കാട്‌

മേപ്പറമ്പിലെ വഴിയരികിൽ ഉപയോഗിച്ച്‌ ഉപേക്ഷിച്ച കുത്തിവയ്‌പ്‌ സൂചി തുളച്ചുകയറി കുട്ടിയുടെ കാലിൽ പരിക്കേറ്റു. കല്ലേക്കാട് സ്വദേശിയായ പതിമൂന്ന്‌ വയസ്സുകാരനാണ് പരിക്കേറ്റത്. ഞായർ രാത്രി പതിനൊന്നോടെ കുട്ടി അച്ഛനമ്മമാരോടൊപ്പം കോയമ്പത്തൂർ യാത്ര കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ സംഭവം. മേപ്പറമ്പ് ജുമാമസ്ജിദിന്‌ സമീപത്തെ കടയിൽ വാഹനം നിർത്തി കുടുംബസമേതം ചായകുടിക്കാൻ ഇറങ്ങിയപ്പോൾ വഴിയരികിലെ അഴുക്കുചാലിന് സമീപം കിടന്ന സൂചികളിലൊന്ന്‌ ചെരുപ്പുതുളച്ച്‌ കാലിൽ തറയ്‌ക്കുകയായിരുന്നു. കുട്ടിയെ സമീപത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാവിലെ ജില്ലാ ആശുപത്രിയിലും വിദഗ്‌ധ പരിശോധനയ്‌ക്കായി പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം അതീവ ഗ‍ൗരവമുള്ളതാണെന്നും സൂചിയിലൂടെ നിരവധി മാരകരോഗങ്ങൾ പകരാൻ സാധ്യതയുണ്ടെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് എച്ച്‌ഐവി, സിഫിലിസ്, ഹൈപറ്റൈറ്റിസ് ഉൾപ്പെടെ പത്തോളം രോഗങ്ങളുടെ പരിശോധന നടത്തി. എച്ച്‌ഐവി ഉൾപ്പെടെ പല രോഗങ്ങളും പിടിപ്പെട്ടാൽ ഉടനെ മനസ്സിലാക്കാൻ സാധിക്കില്ലെന്നും അതിനാൽ ആറുമാസം കഴിഞ്ഞ്‌ വീണ്ടും പരിശോധിക്കണമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകിയ നിർദേശം. കുടുംബം പിരായിരി പഞ്ചായത്ത്‌ സെക്രട്ടറിക്കും ഹെൽത്ത്‌ ഇൻസ്‌പെക്ടർക്കും പരാതി നൽകി. അടുത്ത ദിവസം പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സൂചികൾ സംഭവസ്ഥലത്ത്‌ എങ്ങനെയെത്തി എന്നതിൽ വ്യക്തതയില്ല. മയക്കുമരുന്ന് കുത്തിവയ്‌ക്കുന്നവർ ഉപയോഗിച്ച്‌ ഉപേക്ഷിച്ചതാണോ എന്നതുൾപ്പെടെ പൊലീസ് അന്വേഷണത്തിലേ വ്യക്തമാകൂ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home