വാതിൽ കുത്തിത്തുറന്ന് മോഷണം; പ്രധാനപ്രതി പിടിയിൽ

നടരാജൻ

സ്വന്തം ലേഖകൻ
Published on May 19, 2026, 01:27 AM | 1 min read
ഷൊർണൂർ
പൂട്ടിയിട്ട വീടുകളുടെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുന്ന മോഷ്ടാവ് പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പിൽ നടരാജനെ(61) യാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 16 നാണ് ഷൊർണൂർ കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗറിലെ അടച്ചിട്ട വീടിന്റെ പൂട്ടുതകർത്ത് കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച പണവും വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടറും മോഷ്ടിച്ചത്. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടരാജനിലേക്ക് എത്തിയത്. മോഷണം നടത്തിയശേഷം ബംഗളൂരുവിലേക്ക് കടന്നുകളയുകയാണ് പതിവ്. പൊലീസ് പിന്തുടരാതിരിക്കാൻ മൊബൈൽ ഉപയോഗിക്കാറില്ല. കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ മേട്ടുപ്പാളയത്തിൽനിന്ന് അതിസാഹസികമായി പിടികൂടിയത്. ദിവസങ്ങൾക്കുമുന്പ് കാസർകോട് ബേക്കൽ ഭാഗത്തുനിന്ന് 45 പവൻ സ്വർണവും 35,000 രൂപയും മോഷണം നടത്തിയതായും പൊലീസിന് മൊഴിനൽകി. കേസിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ അബ്ദുൽ സലാം, സുഹൈൽ, കാസർകോട് ആലാംകൊമ്പ് കൊപ്രപ്പറമ്പിൽ കെ പി സിദ്ദിഖ് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തിരുന്നു. നടരാജന് പാലക്കാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, തൃശൂർ എന്നീ ജില്ലകളിലും കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുമായി 30 ലധികം കേസുകളുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. ഡിവൈഎസ്‌പി സാജു കെ എബ്രഹാം, സിഐ പി വിഷ്ണു, എസ്ഐ കെ പി അശ്വിൻ, എസ്ഐമാരായ ബിനോയ് കുര്യാക്കോസ്, ബാബുരാജ്, സീനിയർ സിപിഒ ടി സജീഷ്, സിപിഒമാരായ സുജി ശേഖർ, ഡിന്റു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments