നിയമ വിദ്യാർഥികളുടെ സസ്‌പെൻഷൻ
യുവജന കമീഷൻ കേസെടുത്തു

ഷൊർണൂർ
അൽ അമീൻ കോളേജിലെ നിയമ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത വിവാദത്തിൽ യുവജന കമീഷൻ കേസെടുത്തു. ഹോസ്റ്റൽ ഫീസ് കൂട്ടിയതിനെതിരെ സമരം ചെയ്തതിനാണ് നാലുവിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. 15 ദിവസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതോടെ ക്ലാസും ഹാജരും നഷ്ടമായി. തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് കോളേജിലെ പ്രതിഷേധത്തിനിടെ വിദ്യാർഥിനി പെട്രോൾ കുപ്പിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയതാണ് വിഷയത്തിന് ചൂടുപിടിപ്പിച്ചത്. പിന്നാലെ യുവജന കമീഷൻ കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും കോളേജ് അധികാരികളുടെ ഭാഗം കേൾക്കുകയും ചെയ്തു. കമീഷൻ അംഗം ഷാജഹാൻ, കോ –-ഓര്‍ഡിനേറ്റർ എം രൺദീഷ് ഉൾപ്പെട്ട സംഘം കഴിഞ്ഞമാസം 26നാണ് കോളേജിലെത്തി മൊഴി രേഖപ്പെടുത്തിയത്. കുട്ടികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കമീഷൻ ഒരാഴ്ചയ്ക്കകം വിഷയം പരിഹരിക്കണമെന്നാണ് കോളേജ് അധികാരികൾക്ക് നിർദേശം നൽകിയത്. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കേസെടുത്തതെന്ന് കമീഷൻ അംഗങ്ങൾ അറിയിച്ചു. 19ന് എറണാകുളത്ത് നടക്കുന്ന യുവജന കമീഷൻ അദാലത്തിൽ പങ്കെടുക്കാൻ പരാതിക്കാരായ വിദ്യാർഥികളെയും കോളേജ് അധികാരികളെയും അറിയിക്കുമെന്ന് അംഗങ്ങൾ അറിയിച്ചു. അദാലത്തിൽ പ്രശ്നം പരിഹരിക്കാനാണ് നീക്കം. അതേസമയം എക്‌സ്‌റ്റേണൽ കമ്മിറ്റി രൂപീകരിച്ച് കുട്ടികളുടെ വാദം ഒരിക്കൽക്കൂടി കേട്ട ശേഷമേ തിരിച്ചെടുക്കൂ എന്ന നിലപാടിലാണ് കോളേജ് അധികാരികൾ.










0 comments