വാടകയ്‌ക്ക് കാർ നൽകും, പിന്നാലെ മോഷ്‌ടിക്കും
ഹൈടെക് കള്ളൻ പിടിയിൽ

അഹസ്ജുവൽ
വടക്കഞ്ചേരി
കാർ മറ്റുള്ളവർക്ക് വാടകയ്‌ക്ക് നൽകുക, വൻതുക വാടകയായി വാങ്ങുക, തൊട്ടുപിന്നാലെ കാറിലെ ജിപിഎസ് പിന്തുടർന്ന് സ്വന്തം വണ്ടി മോഷ്‌ടിക്കും-. സിനിമയെ വെല്ലുന്ന തട്ടിപ്പുമായി നടന്ന കൊല്ലം സ്വദേശി ഒടുവിൽ പൊലീസിന്റെ വലയിലായി. കൊല്ലം അഞ്ചൽ സ്വദേശി അഹസ്ജുവൽ (26) ആണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങളിലൂടെ വാഹനം വാടകയ്‌ക്ക് കൊടുക്കാനുണ്ടെന്ന് പരസ്യംനൽകിയാണ് ഇടപാടുകാരെ വലയിലാക്കുന്നത്. തന്റെ കാർ ഇത്തരത്തിൽ കൈമാറി വൻതുക കൈപ്പറ്റും. പിന്നീട് കാറിൽ ഘടിപ്പിച്ച ജിപിഎസ് പിന്തുടർന്ന് കാർ മോഷ്ടിക്കും. നിശ്ചയിച്ചുറപ്പിച്ച തുകയുടെ ചെറിയ ഭാഗം അക്കൗണ്ട് വഴി വാങ്ങി പരാതി വന്നാൽ ഈ തുക മാത്രം തിരികെ നൽകുകയാണ് പതിവ്. ഇത്തരത്തിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ വടക്കഞ്ചേരി വലിയകുളം സ്വദേശിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി സമാനമായ 12 കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ അഹസ്‌ജുവലിനെ റിമാൻഡ് ചെയ്തു. വടക്കഞ്ചേരി എസ്‌ഐ സനീഷ്, എഎസ്‌ഐ ജൂബി ഇഗ്നേഷ്യസ്, എസ്‌സിപിഒ ജി ബവീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.









0 comments