വിട പറഞ്ഞത് നവോത്ഥാന നായിക
‘തൊഴിൽ കേന്ദ്രത്തിലേക്ക്’ അവസാന കണ്ണിയും യാത്രയായി

ജിഷ അഭിനയ
Published on Mar 07, 2025, 02:00 AM | 2 min read
പാലക്കാട്
ദുരിതപൂര്‍ണമായ ദാമ്പത്യത്തില്‍നിന്ന് രക്ഷതേടിയത് നിരവധി ഇടങ്ങളില്‍. എവിടെനിന്നും ആശിച്ച സഹായം ലഭ്യമായില്ല. ഒടുവില്‍ എത്തേണ്ടിടത്തുതന്നെ കാവുങ്കര ഭാര്‍ഗവി എത്തി. വേളി കഴിപ്പിച്ച് അയച്ച തലശേരിയിലെ ഇല്ലത്തുനിന്ന് പാലക്കാട് ലെക്കിടിയിലെ തൊഴില്‍ കേന്ദ്രത്തിലേക്ക്. തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന ഒരൊറ്റ നാടകത്തിലെ അഭിനയത്തിലൂടെ കേരളത്തിലെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായികൂടി ഭാര്‍ഗവി അന്തര്‍ജനം എന്ന കാവുങ്കര ഭാർഗവി മാറി. പതിമൂന്നാം വയസ്സിലായിരുന്നു വേളി. പെൺപണം വേണ്ടെന്ന വരൻ വീട്ടുകാരുടെ വാഗ്‌ദാനത്തിൽ വീട്ടുകാർ മറ്റൊന്നും ആലോചിച്ചില്ല. അങ്ങനെ മലപ്പുറം ജില്ലയിലെ മഴുവഞ്ചേരി മനയില്‍നിന്ന് തലശേരിയിലെ ഇല്ലത്തേക്ക് വേളികഴിച്ചയച്ചു. ദിവസങ്ങൾക്കകം ബോധ്യമായി, അതല്ല ആഗ്രഹിച്ച ജീവിതമെന്ന്. ഏറെ സഹിച്ചു. ഒടുവിൽ സ്വന്തം ഇല്ലത്തേക്ക്. അവിടെയും സുരക്ഷയില്ല. ഏതു നിമിഷവും ഭർത്താവിന്റെ ഇല്ലത്തുനിന്നുള്ളവർ പിടിച്ചുകൊണ്ടുപോകുമെന്ന പേടി അലട്ടി. ഓടിയൊളിക്കാൻ ഇടങ്ങൾ തിരഞ്ഞു. പരിചയമുള്ള ഇല്ലങ്ങൾ... അമ്പലങ്ങൾ.. ഒടുവിൽ കണ്ടെത്തിയ ഉപായമാണ് ലെക്കിടിയിലെ തൊഴിൽകേന്ദ്രം. അവിടെ ഒളിച്ചാൽ ആരും അറിയില്ല. 1944ൽ ഓങ്ങല്ലൂർ യോഗക്ഷേമസഭാ സമ്മേളനത്തിലാണ് അന്തർജനങ്ങൾ തൊഴിലെടുത്ത് സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ആശയത്തിന് രൂപംനല്‍കിയത്. സാമൂഹിക മുന്നേറ്റത്തിന് വീര്യംപകര്‍ന്ന തൊഴിൽകേന്ദ്രത്തിന് വിത്ത് പാകിയതും ഇവിടെത്തന്നെ. തൊഴിൽകേന്ദ്രത്തിൽ നൂൽനൂറ്റും ചെറിയ തുന്നൽപ്പണികൾ നടത്തിയും ഭാർഗവി അവരിലൊരാളായി. നൂറില്‍പ്പരം അന്തേവാസികള്‍ ഇവിടെ ഉണ്ടായിരുന്നു. എല്ലാവരുടെയും ദുരിതം നിറഞ്ഞ ജീവിത കഥകൾ... വേദനകൾ. ഇതിനൊരു മാറ്റം എല്ലാവരും ആഗ്രഹിച്ചു. നാടകം കളിച്ചാലോ. സ്വന്തം ജീവിതാനുഭവങ്ങൾ നാടകമായി അവതരിപ്പിച്ചുകൂടാ എന്ന ഭാർഗവിയുടെ ചിന്തയിൽനിന്നാണ് റിഹേഴ്‌സൽ ആരംഭിച്ചത്. ഒടുവിൽ യോഗക്ഷേമസഭയുടെ 37 –--ാം സമ്മേളനത്തില്‍ ചേർപ്പിൽ 1948 ജൂൺ 12ന് നാടകം അരങ്ങിലെത്തി. തളിയിൽ ഉമാദേവി, ഇ എസ് സരസ്വതി, ആലമ്പിള്ളി ഉമ, എം സാവിത്രി, ശ്രീദേവി കണ്ണമ്പിള്ളി, പി പ്രിയദത്ത, വി എൻ ദേവസേന എന്നിവരോടൊപ്പം ഭാർഗവിയും. സംഘം പിന്നെയും നാടകം കളിച്ചെങ്കിലും തുടർന്ന് പങ്കെടുക്കാൻ ഭാർഗവിയുണ്ടായില്ല. വിവാഹമോചനം നേടിയെങ്കിലും ഭർത്താവ് വീണ്ടും ഇല്ലത്തേക്ക് വരാൻ തുടങ്ങി. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ കണ്ടപ്പോൾ ഭാർഗവിയുടെ മനസ്സലിഞ്ഞു. ഇതിനിടെ ഒരു പെൺകുട്ടിയുമുണ്ടായി. മാസങ്ങൾക്കകം ജീവിതം കൂടുതൽ വഷളായി. ഒടുവിൽ കുളപ്പുള്ളിയിലെത്തി. തുടര്‍ന്ന് വളാഞ്ചേരി മഴുവഞ്ചേരി ഇല്ലത്തുനിന്ന് കോഴിക്കോട്ടെ അനാഥാലയത്തിലേക്ക്. മകളെ ഒന്നാം ക്ലാസിൽ ചേർത്തു. ഒരുനേരമെങ്കിലും കഴിക്കാൻ എന്തെങ്കിലും സ്‌കൂളിൽനിന്ന് കിട്ടുമല്ലോ. കാലം ഏറെ പിന്നിട്ടിട്ടാണ് മകൾ വിനോദിനിയെ തിരിച്ചുകിട്ടിയത്.









0 comments