നെല്ല് സംഭരണത്തിലും സർക്കാരിന്റെ ഇരുണ്ട ‘വിസ്‌മയം’


സ്വന്തം ലേഖകൻ
Published on Sep 13, 2026, 02:00 AM | 1 min read
പാലക്കാട്
യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്ന് മാസം കഴിയുമ്പോഴേക്കും നെല്ലുസംഭരണം തകിടം മറിയുമോയെന്ന ആശങ്കയിൽ ജില്ലയിലെ നെൽകർഷകർ. യുഡിഎഫ് അധികാരത്തിൽ വന്നാൽ നെൽകർഷകരുടെ പ്രശ്‌നം പരിഹരിക്കുമെന്നും സർക്കാരിന്റെ വിസ്‌മയം കാണാമെന്നുമായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് വിശ്വസിച്ച നെൽകർഷകർ ഇത്ര വിസ്‌മയം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇൗ നിലയ്‌ക്ക് പോയാൽ ഇത്തവണ സപ്ലൈകോയുടെ നെല്ല് സംഭരണം ഉണ്ടാകില്ലെന്ന് ഉറപ്പായി. കിലോ 30 രൂപയ്ക്ക് സപ്ലൈകോക്ക് നെല്ല് നൽകിയിരുന്ന കർഷകർ ഇത്തവണ 20ഉം 22 ഉം രൂപയ്‌ക്ക് സ്വകാര്യമില്ലുകാർക്ക് വിൽക്കേണ്ടിവരുമെന്ന അവസ്ഥയിലാണ്. ജില്ലയിൽ ഒന്നാംവിള കൊയ്‌ത്ത് തുടങ്ങിയിട്ടും നെല്ല് സംഭരണത്തിന് നടപടി സ്വീകരിച്ചിട്ടില്ല. ആഗസ്‌ത് 15ന് ഒന്നാം വിളയ്‌ക്കുള്ള കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇത്രയും ദിവസമായിട്ടും സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണത്തിന് മില്ലുകാരുമായി സർക്കാർ ചർച്ചപോലും നിശ്ചയിച്ചില്ല. ചർച്ചയ്‌ക്കുശേഷമാണ് കരാർ ഒപ്പിട്ട് സംഭരണം ആരംഭിക്കുക. അറുപതോളം മില്ലുകാരാണ് സംഭരണം നടത്തുക. സപ്ലൈകോ മില്ലുകാരിൽനിന്ന് ജൂലൈ 14ന് താൽപ്പര്യപത്രം ക്ഷണിച്ചെങ്കിലും ആരും നൽകിയില്ല. രണ്ട് മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടായിട്ടില്ല. ഇതിനുപിന്നിൽ സർക്കാരും മില്ലുകാരും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. നെല്ല് സംഭരിക്കുന്പോൾ ഒരു ക്വിന്റൽ നെല്ലിന് നൽകേണ്ട അരി(ഒൗട്ട് ടേൺ റേഷ്യോ) ജില്ലയിൽ 68 കിലോയും മറ്റ് ജില്ലകളിൽ 66.5 കിലോയും ആണ്. ഇത് 64.5 കിലോ ആക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒൗട്ട് ടേൺ റേഷ്യോ 64.5 കിലോയായി നിജപ്പെടുത്തിയിരുന്നു. കേന്ദ്ര താങ്ങുവില 24.41 രൂപയാണ്. സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസ് 6.31 രൂപയും ചേർത്ത് 30.72 രൂപയ്‌ക്കാണ് ഇത്തവണ നെല്ല് സംഭരിക്കേണ്ടത്. സംഭരണ നടപടികൾ തുടങ്ങിയില്ലെങ്കിൽ കർഷകർക്ക് വൻ നഷ്ടമാണുണ്ടാകുക.









0 comments