print edition സെപ്‌തംബറിൽ അധിക വൈദ്യുതി കിട്ടില്ല; ഇരുട്ട് നീളും

അപ്രഖ്യാപിത പവർ കട്ടിനെതിരെ സിപിഐ എം ആഹ്വാനംചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ആര്യശാലയിലെ വനിതകൾ ഹോട്ട് എയർ ബലൂൺ പറത്തുന്നു ഫോട്ടോ: എആർ അരുൺരാജ്
പി ആർ ചന്തു കിരൺ
Published on Sep 13, 2026, 02:05 AM | 1 min read
തിരുവനന്തപുരം : ജനജീവിതം ദുസ്സഹമാക്കി ഒന്നര മുതൽ രണ്ടുമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം തുടരുന്പോഴും ഇൗ മാസം സംസ്ഥാനത്തിന് അധിക വൈദ്യുതി കിട്ടില്ലെന്നുറപ്പായി. നിലവിലെ നിയന്ത്രണം തുടരും. വിവിധ മേഖലകളിൽ ജനങ്ങളുടെ ബുദ്ധിമുട്ടിനും ശമനമുണ്ടാകില്ല.
കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി ഉണ്ടാക്കിയ ഹ്രസ്വകാല കരാറുകൾക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകിയെങ്കിലും കരാറിൽ സെപ്തംബറില്ല. വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ പീക്ക് സമയത്ത് വൈദ്യുതി ലഭ്യത ഈ മാസം ഉറപ്പാക്കാനുള്ള കരാറുണ്ടാക്കാൻ സർക്കാരിനായില്ല.
കമീഷൻ അനുമതി നൽകിയ ഹ്രസ്വകാല കരാർ ഒക്‌ടോബർ മുതൽ അടുത്ത മേയ് 15വരെയാണ്. യൂണിറ്റിന് 12.50 രൂപവരെ നൽകി 346.42 ദശലക്ഷം യൂണിറ്റ് 347.79 കോടി രൂപയ്‌ക്ക് വാങ്ങാനാണ് അനുമതി. ഇത്രയും ഉയർന്ന വിലയിൽ വൈദ്യുതി വാങ്ങാൻ അനുവദിക്കുന്നത് നിലവിലെ ഗുരുതര സാഹചര്യം പരിഗണിച്ചാണെന്നും ഇത് കീഴ്‌വഴക്കമാക്കരുതെന്നും കമീഷൻ താക്കീതുചെയ്തു.
900–1000 മെഗാവാട്ടിന്റെ ലഭ്യതക്കുറവാണ് പീക്ക് സമയത്തുള്ളത്. ആര്യാടൻ മുഹമ്മദിന്റെ കാലത്തുണ്ടാക്കിയ 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ കമീഷൻ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫ് സർക്കാരിന്റെ പൊള്ളത്തരം വ്യക്തമാക്കുന്ന കണക്കാണിത്. നിലവിൽ വൈകിട്ട് 6.15മുതൽ അർധരാത്രി 12.45വരെ വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്‌ഇബി അറിയിപ്പ്.
പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം വിളിച്ച ഉന്നതതല യോഗം തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. വൈദ്യുതി മന്ത്രി തിരുവനന്തപുരത്ത് ഇല്ലാത്തപ്പോഴാണ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യം എന്നിവരുമായി മുഖ്യമന്ത്രി യോഗം ചേർന്നത്.









0 comments