ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ
വാർഡ് കൺവൻഷനുകൾക്ക് ഉജ്വല തുടക്കം

പാലക്കാട്
ജില്ലാ പഞ്ചായത്ത് പല്ലശന ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വി പൊന്നുക്കുട്ടന്റെ പ്രചാരണാർഥമുള്ള വാർഡ് കൺവൻഷനുകൾക്ക് അത്യുജ്വല തുടക്കം. യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും സാന്പത്തിക ഞെരുക്കവും കൺവൻഷനുകളിൽ ജനങ്ങൾ പങ്കുവയ്‌ക്കുന്നു. 10 വർഷം ഇല്ലാതിരുന്ന പവർകട്ട് തിരിച്ചുവന്നതോടെ നാട് ഇരുട്ടിലേക്കാണ് നീങ്ങുന്നതെന്നും ഇനിയുള്ള വർഷങ്ങളിൽ വൈദ്യുതിയുടെ കാര്യം ചിന്തിക്കാൻപോലും കഴിയുന്നില്ലെന്നും ജനങ്ങൾ പറഞ്ഞുതുടങ്ങി. ആസൂത്രണവും ഏകോപനവുമില്ലാത്ത സർക്കാരിനെതിരായ വിധിയെഴുത്തും ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരവും വോട്ടിൽ പ്രതിഫലിക്കുമെന്നും കൺവൻഷനുകളിൽ അഭിപ്രായമുയർന്നു. 15നകം ജില്ലാ പഞ്ചായത്ത് ഡിവിഷനുകീഴിലുള്ള പഞ്ചായത്തുകളിലെ വാർഡ് കൺവൻഷനുകൾ പൂർത്തിയാക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗംകൂടിയായ വി പൊന്നുക്കുട്ടൻ ഇതിനകംതന്നെ ഡിവിഷനിൽ സ്വീകാര്യനായി. ചെറുപ്പം മുതൽതന്നെ സമര സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്കുവന്ന പൊന്നുക്കുട്ടൻ പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് അംഗം എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശനിയാഴ്‌ച പല്ലശന, പല്ലാവൂർ, മുടപ്പല്ലൂർ എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. സ്ഥാനാർഥിയോടൊപ്പം എൽഡിഎഫ് നേതാക്കളായ വി ചെന്താമരാക്ഷൻ, കെ ലക്ഷ്മണൻ, കെ നാരായണൻ, പി എസ് പ്രമീള, ടി എ കൃഷ്ണൻകുട്ടി, ആർ ഗംഗാധരൻ എന്നിവരുമുണ്ടായിരുന്നു.









0 comments