പവർകട്ടിൽ വലഞ്ഞ് വ്യാപാരസ്ഥാപനങ്ങൾ
കറന്റില്ല, കച്ചവടമില്ല

സായൂജ് ചന്ദ്രൻ
പാലക്കാട്
"ഏറ്റവും കച്ചവടമുള്ള നേരത്താണ് കറന്റുപോക്ക്, ഏറ്റവും സങ്കടവും അതുതന്നെ' പതിവുകാരനായി പവർകട്ട് എത്തിയപ്പോൾ യൂസഫിന് മൊബൈൽ വെളിച്ചം മാത്രം സഹായം. "കടയിലേക്ക് ആരും കയറുന്നില്ല, ഇരുട്ടിൽ കട ഇവിടെയുള്ളതുപോലും അറിയുന്നില്ലല്ലോ' സങ്കടം നിസ്സഹായമായ പുഞ്ചിരിയിൽ ഒതുക്കി. പാലക്കാട് ടൗൺ ബസ്‌സ്റ്റാൻഡ് പരിസരത്ത് ഷിഫ ഗാർമെന്റ്‌സ് എന്ന പേരിൽ ഒരു വർഷമായി തുണിക്കട നടത്തുകയാണ് യൂസഫ് കല്ലേക്കാട്. ഇത്രയുംകാലം നേരിടാത്ത വെല്ലുവിളിയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നേരിടുന്നത്. താരതമ്യേന ചെറിയ കടയായതിനാൽ ജനറേറ്ററോ ഇൻവർട്ടർ സംവിധാനമോ ഇല്ല. വലിയ തുക മുടക്കി ഇൻവർട്ടർ വയ്ക്കാനുള്ള സാമ്പത്തിക സാഹചര്യവുമില്ല. മുന്നറിയിപ്പില്ലാതെ എത്തുന്ന പവർക്കട്ടിൽ വലഞ്ഞിരിക്കുകയാണിപ്പോൾ. രാത്രിയിലാണ് വിൽപ്പന കൂടുതലുള്ള സമയം. ജോലി കഴിഞ്ഞ് മടങ്ങുന്ന നിരവധിപേരാണ് സാധനങ്ങൾ വാങ്ങാനായി എത്തുന്നത്. കടയിലെത്തുന്നവർ വസ്‌ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോഴായിരിക്കും വൈദ്യുതി നിയന്ത്രണം. നിറങ്ങൾ കൃത്യമായി മനസ്സിലാകാതെ വരുമ്പോൾ ഉപഭോക്താക്കൾ മടങ്ങിപ്പോകും. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് കട അടയ്‌ക്കാൻ നേരമായിരിക്കും വെളിച്ചം വരുന്നത്. ഇങ്ങനെ നഷ്ടപ്പെട്ടത് നിരവധി കച്ചവടം. തുണിക്കടകൾ മാത്രമല്ല ചെറിയ ചെലവിൽ പ്രവർത്തിക്കുന്ന വ്യാപാരകേന്ദ്രങ്ങളെല്ലാം പ്രതിസന്ധിയിൽ ആഴ്‌ന്നിരിക്കുകയാണ്. വൈദ്യുതി എപ്പോൾ ഇല്ലാതാകുമെന്ന് രാവിലെയെങ്കിലും മുന്നറിയിപ്പ് കിട്ടിയിരുന്നെങ്കിൽ മുൻകരുതൽ സ്വീകരിക്കാമായിരുന്നു എന്നാണ് കച്ചവടക്കാർ പറയുന്നത്. വരുമാനത്തിൽനിന്ന് വലിയ പങ്ക് മുടക്കി ജനറേറ്റർ കൊണ്ടുവന്നാലും ഉടമയ്‌ക്ക് നഷ്ടംതന്നെ. ജനറേറ്ററിന്റെ വാടകയും ഇന്ധന ചെലവും ചെറുകിട കച്ചവടക്കാർക്ക് താങ്ങാൻ കഴിയില്ല. എത്ര സമയം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതും ജനറേറ്റർ വാങ്ങുന്നതിൽനിന്ന് കച്ചവടക്കാരെ പിന്തിരിപ്പിക്കുന്നു.









0 comments