print edition കൈക്കൂലിക്കേസ് എന്തടിസ്ഥാനത്തിൽ?; സംയുക്ത ആക്രമണം

പിണറായി വിജയൻ
കണ്ണൂർ : ഇഡി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആക്രമണമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആക്രമണത്തിന് സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക പങ്കാളിത്തം കേന്ദ്രം ആവശ്യപ്പെടുന്ന സ്ഥിതിയാണ് –പിണറായി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൈക്കൂലിക്കേസ് എന്തടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്തണം. സിഎംആർഎല്ലിന് വഴിവിട്ട ഒരാനുകൂല്യവും നൽകിയിട്ടില്ല. അത് തെളിയിക്കുന്ന രേഖയുമില്ല. കോടതികളെല്ലാം തള്ളിയ പഴയ ആരോപണത്തിലെ പുതിയ തിരക്കഥയാണിത്. മുഖ്യമന്ത്രിയെന്ന നിലയിൽ എന്ത് വഴിവിട്ട ആനുകൂല്യമാണ് നൽകിയതെന്ന അടിസ്ഥാന ചോദ്യത്തിന് മറുപടിയില്ല.
എന്ത് ആനുകൂല്യം, എപ്പോൾ, ആരുടെ ഉത്തരവിലൂടെ നൽകി? രേഖ എവിടെ? പ്രതിഫലമായി എന്ത് ലഭിച്ചു? ഇതിനൊന്നും മറുപടിയില്ല. ഒരേ ആരോപണത്തിൽ ഒരു വ്യക്തി എത്രതവണ നിരപരാധിത്വം തെളിയിക്കണം? കോടതി തള്ളിയ ആരോപണം നിരന്തരം ഉന്നയിക്കുന്നത് രാഷ്‌ട്രീയമായി തേജോവധം ചെയ്യാനാണ്. ഇതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും.
സിഎംആർഎൽ വിഷയത്തിൽ ഇഡി 25 പേജുള്ള റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൊടുത്തെന്നാണ് വാർത്ത. ഒൗദ്യോഗിക സ്വഭാവമുള്ള കത്ത് സാധാരണനിലയിൽ പുറത്തുവരാറില്ലെങ്കിലും ഇഡിതന്നെ ചോർത്തുന്നു. ഇതിൽ എന്നെക്കുറിച്ചും പരാമർശമുണ്ടെന്നാണ് വാർത്തകൾ. എന്നാൽ, എനിക്ക് ഒരറിയിപ്പും ലഭിച്ചിട്ടില്ല.
ഇഡി ഉയർത്തുന്ന ആരോപണത്തിന്റെ സ്വഭാവവും മാറി. ഇതുവരെ പറഞ്ഞത് എക്‌സാലോജിക്കിന് സേവനം വാങ്ങാതെ സിഎംആർഎൽ പണം നൽകിയെന്നായിരുന്നു, തുടർന്നാണ് റെയ്‌ഡ് നടത്തിയതെന്നും. ഇപ്പോൾ പറയുന്നു എക്‌സാലോജിക്കിന് ലഭിച്ച പണം സേവനത്തിനുള്ള പ്രതിഫലമല്ല, മുഖ്യമന്ത്രിക്കുള്ള കൈക്കൂലിയാണെന്ന്.
ഇന്നലെവരെ കന്പനിക്ക് നഷ്‌ടമുണ്ടാക്കിയ ഇടപാടെന്ന് പറഞ്ഞത് ഇപ്പോൾ അതേ ഇടപാട്‌വഴി കന്പനിക്ക് ലഭിച്ച വഴിവിട്ട നേട്ടത്തിന്റെ പ്രതിഫലമായി മാറി. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംവിധാനം വ്യത്യസ്‌ത ഘട്ടങ്ങളിൽ രണ്ട് വാദമുയർത്തുന്നു. ഇൗ വൈരുധ്യത്തിന് ഇഡി മറുപടി പറയണം –അദ്ദേഹം പറഞ്ഞു.









0 comments