പട്ടാമ്പി – ചാലിശേരി റോഡിന്റെ ശോച്യാവസ്ഥ
പരിഹാരമില്ലെങ്കിൽ 7ന് ബസ് സമരം

ഒറ്റപ്പാലം
പട്ടാമ്പി മുതൽ ചാലിശേരി വരെ 14 കിലോമീറ്റർ റോഡിൽ കുണ്ടും കുഴിയും കാരണം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ പറ്റാത്ത സ്ഥിതിയാണെന്ന് പട്ടാമ്പി – ചാലിശേരി ബസുടമ തൊഴിലാളി സംയുക്തസമിതി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വി ടി ബൽറാം എംഎൽഎയ്‌ക്കും ഒറ്റപ്പാലം സബ് കലക്‌ടർക്കും ഭാരവാഹികൾ പരാതി നൽകി. അല്ലാത്തപക്ഷം സെപ്‌തംബർ ഏഴിന് സ്വകാര്യ ബസുകൾ സൂചനാസമരം നടത്തും. തുടർന്നും റോഡിന്റെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാത്തപക്ഷം പട്ടാമ്പി മുതൽ ചാലിശേരി വരെ മറ്റൊരു അറിയിപ്പില്ലാതെ സെപ്‌തംബർ 14 മുതൽ അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തിവയ്‌ക്കുമെന്നും പരാതിയിൽ പറഞ്ഞു. അഞ്ച് പഞ്ചായത്തിലുള്ള യാത്രികരും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് മറ്റ് സംസ്ഥാനത്തുള്ളവരും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. 100ൽപരം സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്ന റോഡിൽ ഇരുപതോളം സ്കൂളുകളും എൻജിനിയറിങ് കോളേജുകളും പാരലൽ കോളേജുകളുമുണ്ട്. നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. എംഎൽഎയും ഇടപെടുന്നില്ല. റൂട്ടിൽ ഓടുന്ന ബസ്സുകളുടെ ടയർ, ലീഫ്, ചെയ്‌സ്, ഫുട്ബോർഡ്, ബോഡി എന്നിവ കേടുവരുന്നത് പതിവാണ്. അതിനാൽ വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്. റൂട്ടിലൂടെ ഓടുമ്പോൾ ചെളിയും കല്ലുകളും തെറിച്ച് കാൽനടയാത്രക്കാർക്കും അപകടങ്ങളുണ്ടാകുന്നുണ്ട്. വാഹനാപകടങ്ങളും പതിവാണ്. റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കണമെന്നും ശാശ്വത പരിഹാരം വേണമെന്നും പരാതിയിൽ പറയുന്നു.









0 comments