ഒരു മാസം വിവരശേഖരവും രണ്ടാഴ്‌ച പരിശീനവും
പകുതിയിലേറെ അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി; തുടക്കത്തിൽതന്നെ താളംതെറ്റി


സ്വന്തം ലേഖകൻ
Published on Jun 11, 2026, 12:02 AM | 1 min read
പാലക്കാട്
ജില്ലയിലെ പകുതിയിലേറെ അധ്യാപകർക്ക് സെൻസസ് ചുമതല നൽകിയതോടെ ആശങ്കയിലായി വിദ്യാർഥികൾ. ഇവർ ഡ്യൂട്ടിക്ക് പോകുന്നതോടെ സ്‌കൂളിൽ ഒന്നരമാസം അധ്യയനം മുടങ്ങും. സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലായി 15,000 അധ്യാപകരാണ് ജില്ലയിലുള്ളത്. ഇതിൽ 7000ന് മുകളിൽ അധ്യാപകരെയാണ് സെൻസസ് ചുമതലയിലേക്ക് നിയോഗിച്ചത്. വീടുകളിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം. ജൂലൈയിൽ 30 ദിവസമാണ് സെൻസസിനായി നിശ്ചയിച്ചിരിക്കുന്നത്. അക്കാദമിക് കലണ്ടർപ്രകാരം ഓണ പരീക്ഷക്ക് മുമ്പ് പാഠങ്ങൾ തീർക്കേണ്ട സമയമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. ജൂലൈയിൽ മാത്രം 23 അധ്യയന ദിവസങ്ങൾ നഷ്ടമാകും. നിലവിൽ സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ജില്ലാ കേന്ദ്രത്തിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത് രണ്ടാഴ്‌ച നീണ്ടുനിൽക്കും. ഇതോടെ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ സ്കൂളുകളിൽ ആവശ്യത്തിന് അധ്യാപകരില്ലാതായി. ചില എൽപി സ്കൂളുകളിൽ കുട്ടികളെ നിയന്ത്രിക്കാനുള്ള അധ്യാപകർപോലുമില്ല. ഇൗ സാഹചര്യത്തിൽ ചുരുങ്ങിയ പ്രവൃത്തിദിനങ്ങൾക്കുള്ളിൽ സിലബസ് തീർക്കേണ്ട സമ്മർദത്തിലാണ് അധ്യാപകർ. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വൈകിട്ട് വീടുകളിലെത്തി വിവരമെടുക്കാനും അധ്യാപകർക്ക് നിർദേശമുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലുവരെയുള്ള അധ്യാപനത്തിനുശേഷം അധികഭാരം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് അധ്യാപകർ പറയുന്നത്. വൈകിട്ടുള്ള സേവനത്തിന് നിർബന്ധിക്കരുതെന്നും ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും ക്ലാസുകൾ കൃത്യമായി നടക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കെഎസ്‌ടിഎ സെൻസസ് ഡയറക്ടറെ സമീപിച്ചു. എന്നാൽ, സ്കൂൾ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുന്ന ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടും സംസ്ഥാന സർക്കാരും ഉത്തരവാദിത്തപ്പെട്ട മന്ത്രിയും ഇടപെടുന്നില്ല. ഇക്കാര്യത്തിൽ ഭരണപക്ഷ അനുകൂല അധ്യാപക സംഘടനകളും മൗനത്തിലാണ്.









0 comments