ad
Deshabhimani

നാടകത്തട്ട്‌ നിറഞ്ഞ്‌ 
മിന്നാടത്തിലെ കുഞ്ഞുമീനുകൾ

പുതുപ്പരിയാരത്തെ മിന്നാടം കുട്ടികളുടെ നാടകകളരി

പുതുപ്പരിയാരത്തെ മിന്നാടം കുട്ടികളുടെ നാടകകളരി

avatar
സായൂജ്‌ ചന്ദ്രൻ

Published on May 17, 2026, 01:26 AM | 1 min read

പാലക്കാട്‌

"കല കല കല കടല്‌, തിളതിളക്കണ വെള്ളത്തില്‌ അതിലാകെ മീനുകളാ'– പാട്ടും പറച്ചിലുമായി നാടകത്തട്ടിലേക്ക്‌ നാടിനെ വിളിച്ചടുപ്പിക്കുകയാണ്‌ മിന്നാടത്തിലെ കുഞ്ഞുമീനുകൾ. അവധിക്കാലത്തിൽ നാട്ടറിവുകൾ നിമിഷ നേരംകൊണ്ട്‌ പകരാൻ പ്രിയപ്പെട്ട നാടകക്കാരും. പാലക്കാട്‌ മിന്നാടം, സ്പോർട്ടീവ് തിയറ്റർ, പാലക്കാട്‌ എൽകെജി എന്നിവ സംയുക്തമായി പൂച്ചിറയിൽ നടത്തുന്ന കുട്ടികളുടെ അവധിക്കാല ക്യാന്പിൽ ആവേശകാഴ്‌ച. എല്ലാ അവധിക്കാലത്തും കുട്ടികളെ ഒത്തൊരുമിപ്പിക്കുന്ന ക്യാമ്പ്‌ ഇത്തവണ അന്തരിച്ച നാടക കലാകാരന്മാരായ കെ വി വിജേഷിന്റെയും ശേഖരീപുരം മാധവന്റെയും സ്മരാണാർഥമാണ്‌ സംഘടിപ്പിക്കുന്നത്‌. നാടക കലാകാരനായ അലിയാർ അലിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 18 കുട്ടികളാണ്‌ പങ്കെടുക്കുന്നത്‌. കഴിഞ്ഞ എട്ടിന്‌ ആരംഭിച്ച കൂട്ടായ്മിൽ ക്യാമ്പ്‌ ഡയറക്ടർമാരായി നാടക സംവിധായകരായ സിനി സുൽത്താനയും പി എച്ച്‌ ഫിദയും ഒപ്പമുണ്ട്‌. തനത്‌ രീതികളെ പൊളിച്ചടുക്കി കുട്ടികൾക്കുള്ള കളിയും കാര്യവും അഭിനയവുമെല്ലാം കുട്ടികളിലൂടെതന്നെ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെ നീളുന്ന ക്യാമ്പിലൂടെ ഫോട്ടോഗ്രഫിയും ചിത്രംവരയും കളിമൺ ശിൽപ്പനിർമാണവും ട്രാഷ്‌ മ്യൂസിക്കുമെല്ലാം കുട്ടിക്കൂട്ടം പഠിച്ചെടുത്തു. പാവനാടകത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ഇംഗ്ലീഷ്‌ സാഹിത്യകാരൻ ഏണസ്റ്റ്‌ ഹെമിങ്‌വെയുടെ "ദ ഓൾഡ്‌ മാൻ ആൻഡ്‌ ദ സി' എന്ന നോവലിനെ ആസ്പദമാക്കി "കലപില കലചെല കടല്‌’ എന്ന പേരിലാണ്‌ നാടകം. പ്രത്യേകം എഴുതിത്തയ്യാറാക്കാതെ കുട്ടികൾതന്നെയാണ്‌ നാടകം അവതരിപ്പിക്കുന്നതും പാട്ടുകൾ പാടുന്നതും. സിനിയും ഫിദയുമാണ്‌ സംവിധായകർ. നാടകത്തിലെ കഥാപാത്രങ്ങളായ മീനുകളെയും കിളികളെയും പാഴ്‌വസ്തുക്കൾകൊണ്ട്‌ നിർമിക്കുന്നതും കുട്ടികൾതന്നെ. ഞായറാഴ്‌ച വൈകിട്ട്‌ ആറിന്‌ പാലക്കാട്‌ പുത്തൂർ ചന്ത ജങ്‌ഷനിലാണ്‌ നാടകാവതരണവും ക്യാമ്പിന്റെ സമാപനവും. ശേഖരീപുരം മാധവന്റെ ഓർമയ്‌ക്കായി പ്രതിമാസ ക്യാമ്പ്‌ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌ മിന്നാടത്തിലെ നാടകസംഘം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home