ആരോഗ്യവകുപ്പ് പ്രൊമോഷൻ സ്തംഭനം
പ്രതിഷേധവുമായി എൻജിഒ യൂണിയനും കെജിഒഎയും

പാലക്കാട്
ആരോഗ്യവകുപ്പിൽ വിവിധ തസ്തികകളിലെ സ്ഥാനക്കയറ്റം വൈകുന്നതിലും ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാത്തതിലും പ്രതിഷേധിച്ച് എൻജിഒ യൂണിയനും കെജിഒഎയും ചേര്‍ന്ന് ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്തലവി ഉദ്‌ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം പ്രവീൺ അധ്യക്ഷനായി. കെജിഒഎ ജില്ലാ സെക്രട്ടറി ആർ സാജൻ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മോഹൻദാസ്, മുരുകദാസ് എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ, പിഎച്ച്എൻ, ടെക്നിക്കൽ അസിസ്റ്റന്റ്, ഡിവിസി ഫീൽഡ് വർക്കർ, നഴ്സിങ് -അറ്റൻഡർ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള തസ്തികകളിൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ പ്രൊമോഷൻ നൽകാനോ അധികൃതർ തയ്യാറായിട്ടില്ലെ. ഡയഗ്നോസ്റ്റിക് വിഭാഗത്തിൽ ജില്ലാ ലാബ് ഓഫീസർ, ജൂനിയർ, സീനിയർ സയന്റിഫിക് ഓഫീസർ അടക്കം 47- ഒഴിവുകളും, നഴ്സിങ് വിഭാഗത്തിൽ സൂപ്രണ്ട്, ഡെപ്യൂട്ടി നഴ്സിങ് ഓഫീസർ ഉൾപ്പെടെ 230ലധികം പ്രൊമോഷൻ ഒഴിവുകളും നികത്താതെകിടക്കുകയാണ്. കൂടാതെ ഫാർമസി വിഭാഗത്തിലെ സ്ഥാനക്കയറ്റങ്ങൾ മുടങ്ങിയത് മരുന്ന് വിതരണത്തെയും, സ്വീപ്പർ- അറ്റൻഡന്റ് തസ്തികകളിലെ ആയിരത്തിലധികം ഒഴിവുകൾ ആശുപത്രി ശുചിത്വത്തെയും ബാധിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ജീവനക്കാരുടെ ന്യായമായ പ്രൊമോഷനുകൾ ഉടൻ നടപ്പാക്കണമെന്നും എൻട്രി കേഡർ ഒഴിവുകൾ പിഎസ്‍സിക്ക് വിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.










0 comments