നോവായി ശ്രീനന്ദ

വിനോദ യാത്രക്കിടെ കർണാടകയിലെ ഹമ്പിയിൽ ശ്രീനന്ദയും കൂട്ടുകാരും

സ്വന്തം ലേഖകൻ
Published on Apr 11, 2026, 12:00 AM | 1 min read
കടമ്പഴിപ്പുറം
അവർ പ്രതീക്ഷയിലായിരുന്നു. കുഞ്ഞനുജത്തിക്കായുള്ള കാത്തിരിപ്പ്, പക്ഷേ, പകൽ 11ന് പ്രതീക്ഷയുടെ വെള്ളിവെളിച്ചം കെടുത്തി ആ വാർത്തയെത്തി. അവൾ ഇനി കടന്പഴിപ്പുറത്തിന്റെ മണ്ണിലേക്ക് ജീവനോടെ വരില്ല... ശ്രീനന്ദ ഒരു നാടിന്റെ നോവായി മാറി. കളിചിരികളുമായി നാട്ടുവഴികളിലൂടെ നടന്നുപോയ മിടുക്കി ഇനിയില്ലെന്ന് ഉൾക്കൊള്ളാൻ ഗ്രാമത്തിനായിട്ടില്ല. കർണാടകത്തിലെ ചിക്കമംഗളൂരുവിൽ ശ്രീനന്ദയെ കാണാതായെന്ന് അറിഞ്ഞതുമുതൽ തിരികെവരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും സഹപാഠികളുമുൾപ്പെടെയുള്ളവർ. ഏപ്രിൽ നാലിനാണ് കടമ്പഴിപ്പുറത്തുനിന്ന് കർണാടകത്തിലേക്ക് അച്ഛനും അമ്മയുമുൾപ്പെടെയുള്ള 40 പേരോടൊപ്പം ശ്രീനന്ദ വിനോദയാത്രപോയത്. ഏഴിന് ഹംപി സന്ദർശിച്ചശേഷം വൈകിട്ട് മാണിക്യധാരയിലെത്തി. ചൊവ്വ വൈകിട്ട് 5.20നും 5.30നും ഇടയിലാണ് ശ്രീനന്ദയെ കാണാതായതെന്ന് സംഘത്തിലുണ്ടായിരുന്ന കാട്ടിലെപ്പുരക്കൽ ഉണ്ണിക്കുട്ടൻ പറഞ്ഞു. പെട്ടെന്നുതന്നെ തിരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വ വൈകിട്ട് 5.20ന് ശ്രീനന്ദ ഉൾപ്പെടെയുള്ള കുട്ടികൾ ഫോട്ടോയെടുത്ത് മലമുകളിലേക്ക് കയറിയതായും 5.30ന് തിരിച്ചിറങ്ങവേയാണ് ശ്രീനന്ദയെ കാണാതായതെന്ന് അറിഞ്ഞതെന്നും സഹപാഠിയും ബന്ധുവുമായ കെ എസ് സാധിക പറഞ്ഞു. ശ്രീനന്ദയുടെ അച്ഛച്ചനും അച്ഛമ്മയും സഹോദരനും മാത്രമാണ് വീട്ടിലുള്ളത്. കെ പ്രേംകുമാർ എംഎൽഎ വീട്ടിലെത്തി .
സ്‌കൂളിന്റെ വാനമ്പാടി
മത്സരവേദികളിൽ കടമ്പഴിപ്പുറം ഹൈസ്‌കൂളിന്റെ മുഖമായിരുന്നു ശ്രീനന്ദ. പദ്യംചൊല്ലൽ, കവിതാലാപനം, ലളിതഗാന മത്സരം ഏതുമാകട്ടെ ശ്രീനന്ദ മിന്നിത്തിളങ്ങും. സ്‌കൂളിലെ ഏതു പരിപാടിയിലും ഇൗ മിടുക്കിയുടെ പാട്ടുണ്ടാകും. ഇൗണത്തിൽ പാടുന്ന അവളെ അധ്യാപകരും സഹപാഠികളും സ്‌നേഹത്തോടെ വിളിക്കുന്നത് സ്‌കൂളിന്റെ വാനമ്പാടി എന്നായിരുന്നു. എസ്‌എസ്‌എൽസി ഫലം കാത്തിരിക്കുകയായിരുന്നു നന്നായി പഠിക്കുന്ന ശ്രീനന്ദ. സംഗീത മത്സരങ്ങൾക്ക് പുറമേ ഒപ്പന, സംഘനൃത്തം, തിരുവാതിരകളി എന്നിവയിലും മുന്നിൽ. ഉപജില്ലാതലത്തിൽ വിവിധയിനങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിലും സ്‌കൂളിലെ താരം. മെറ്റൽ എൻക്രൈവിങ് ഇനത്തിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. കായിക ഇനങ്ങളിലും ശ്രീനന്ദ കഴിവ് തെളിയിച്ചിട്ടുണ്ട്. 100, 200 മീറ്റർ മത്സരങ്ങളാണ് പ്രധാന ഇനം. സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകൂടിയായിരുന്നു. സ്‌കൂളിലെ ഓൾ റൗണ്ടർ. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന സ്വഭാവം. ഇതെല്ലാംകൊണ്ടുതന്നെ അവളെക്കുറിച്ച് പറയുന്പോഴേക്കും അധ്യാപകർ കണ്ണീർ പൊഴിക്കുകയാണ്.










0 comments