നുണക്കോട്ടകളെ തകർത്തെറിഞ്ഞ് എസ്എഫ്ഐ
ഉയരെ തൂവെള്ളക്കൊടി

പാലക്കാട് വിക്ടോറിയ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ വിജയാഹ്ലാദ പ്രകടനം (ഫയൽ ചിത്രം)

സ്വന്തം ലേഖകൻ
Published on Oct 19, 2026, 12:00 AM | 1 min read
പാലക്കാട്
യുഡിഎസ്‌എഫുകാരുടെ അപവാദ പ്രചാരണങ്ങളെയും നുണപ്രചാരണങ്ങളെയും പൊള്ളയായ വാഗ്‌ദാനങ്ങളെയും നേരിന്റെ പതാക ഉയർത്തി അതിജീവിച്ച് എസ്‌എഫ്‌ഐ ജില്ലയിൽ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. കാലങ്ങളായി ആവർത്തിക്കുന്ന നുണപ്രചാരണങ്ങൾമുതൽ യുഡിഎഫ് ഭരണത്തിന്റെ പേരിൽ നൽകിയ പൊള്ളയായ വാഗ്‌ദാനങ്ങളെവരെ സ്‌കൂളുകളും കലാലയങ്ങളും തിരിച്ചറിഞ്ഞു. ജില്ലയിലെ 32 കോളേജുകളിൽ 23 എണ്ണത്തിൽ ഉയർന്നുപറക്കുന്നത് എസ്എഫ്‌ഐ പതാകയാണ്. നവമാധ്യമങ്ങളിലൂടെയും അല്ലാതെയും നുണ പ്രചരിപ്പിച്ചവർ ജയിച്ചത് അപൂർവം അസോസിയേഷനുകളിലും ക്ലാസുകളിലും മാത്രം. ഒമ്പത് സർക്കാർ കോളേജുകളിൽ തൃത്താല, കൊഴിഞ്ഞാമ്പാറ, അട്ടപ്പാടി ആർജിഎം എന്നീ കോളേജുകൾ യുഡിഎസ്‌എഫിൽനിന്ന് തിരിച്ചുപിടിച്ചാണ് മുന്നേറ്റം. വിക്‌ടോറിയ, പട്ടാമ്പി, പത്തിരിപ്പാല, ചിറ്റൂർ, തോലനൂർ എന്നീ സർക്കാർ കോളേജുകൾ നിലനിർത്തി. ഐപിടി ഷൊർണൂർ, പാലക്കാട്, എംആർപിസി കുഴൽമന്ദം എന്നിങ്ങനെ ജില്ലയിലെ മൂന്ന് പോളിടെക്‌നിക്കുകളിലും പാറിപ്പറക്കുന്നത് ശുഭ്രപതാക. 79 സ്‌കൂളുകളിൽ 69ഉം രണ്ട് എൻജിനിയറിങ് കോളേജുകളിൽ ഒന്നും എസ്‌എഫ്‌ഐക്ക് സ്വന്തം. കേരളം മാറിയപോലെ ക്യാമ്പസും മാറുമെന്നുപറഞ്ഞ് പ്രചാരണത്തിനിറങ്ങിയ യുഡിഎസ്‌എഫുകാർ പല കലാലയങ്ങളിലും എബിവിപിയുമായും ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായ ഫ്രെറ്റേണിറ്റിയുമായും കൂട്ടുകൂടി. മതനിരപേക്ഷതയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവർ വർഗീയ ശക്തികളെ തരാതരംപോലെ ഉപയോഗിക്കുന്നത് തിരിച്ചറിഞ്ഞ വിദ്യാർഥികൾ അവിശുദ്ധ സഖ്യത്തെ തൂത്തെറിഞ്ഞു. നേരറിയുന്ന വിദ്യാർഥികൾ അവരുടെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുന്ന വിദ്യാർഥി പ്രസ്ഥാനത്തെ ഹൃദയപൂർവം സ്വീകരിച്ചു. പണമില്ലാത്തതുകൊണ്ട് എസ്‌എഫ്‌ഐകാർക്ക് അടിപൊളി പരിപാടികൾ സംഘടിപ്പിക്കാൻ കഴിയില്ലെന്നും യുഡിഎഫ് ഭരണമായതുകൊണ്ട് കോളേജിന്റെ വികസനത്തിന് യുഡിഎസ്‌എഫിനെ ജയിപ്പിക്കണമെന്നും പ്രചരിപ്പിച്ചെങ്കിലും മോദി സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും തിട്ടൂരങ്ങൾ അവഗണിച്ച് ജന്തർമന്തറിൽ പാറിപ്പറക്കുന്ന തൂവെള്ളക്കൊടിയെ വിദ്യാർഥികൾ നെഞ്ചോട് ചേർത്തു









0 comments