എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചു: പ്രോസിക്യൂട്ടർ

പാലക്കാട്
സജിത വധക്കേസിൽ ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചതായി പ്രോസിക്യൂട്ടർ അഡ്വ. എം ജെ വിജയ്‌കുമാർ പറഞ്ഞു. രണ്ട് വകുപ്പുകളിലായി ജീവപര്യന്തവും തെളിവ് നശിപ്പിച്ചതിന് അഞ്ചുവർഷവും ശിക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചത് ഇരട്ടക്കൊല കേസിൽ അയാൾ കുറ്റക്കാരനാണെന്ന് ഇപ്പോൾ ഉറപ്പിക്കാൻ കഴിയാത്തതിനാലാണ്. ഇതുകൊണ്ടാണ് വധശിക്ഷ വിധിക്കാതിരുന്നത്. തങ്ങളുടെ പരിശ്രമത്തിന് കിട്ടിയ അംഗീകാരമാണ് വിധി. ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചതിനാൽ മേൽക്കോടതിയിൽ പോകേണ്ട ആവശ്യമില്ല. പരോൾ കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുള്ള അധികാരം ഇൗ കോടതിക്കില്ലെന്നാണ് പറഞ്ഞത്. പരോൾ കൊടുക്കുന്നപക്ഷം കുടുംബം, അയൽവാസികൾ, സാക്ഷികൾ എന്നിവർക്കെല്ലാം സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കുട്ടികൾക്കുള്ള നഷ്‌ടപരിഹാരം നൽകാനും നിർദേശം നൽകി. കേസ് അന്വേഷണവും തെളിവുകൾ ഹാജരാക്കലുമെല്ലാം നന്നായി നടത്താൻ കഴിഞ്ഞതും അതെല്ലാം കോടതിയിൽ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞതുമാണ് കേസിന്റെ വിജയം. പ്രതി ഭീഷണിപ്പെടുത്തിയെങ്കിലും സാക്ഷികളെ ഹാജരാക്കാൻ കഴിഞ്ഞു. പ്രതിയുടെ ഭാര്യയും സഹോദരനുമടക്കം കൂറുമാറിയില്ലെന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സൂക്ഷ്മ തെളിവുകൾ കണ്ടെത്തി: ജില്ലാ പൊലീസ് മേധാവി
ശാസ്‌ത്രീയ തെളിവുകൾ കൃത്യമായി കണ്ടെത്താനും കോടതിയിൽ ഹാജരാക്കാനും പൊലീസിന് കഴിഞ്ഞത് സജിത വധേക്കേസിൽ നിർണായകമായതായി ജില്ലാ പൊലീസ് മേധാവി അജിത്‌കുമാർ പറഞ്ഞു. എസ്‌എച്ച്‌ഒ ദീപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. സാക്ഷിമൊഴികൾ കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞു. സൂക്ഷ്‌മമായ തെളിവുകൾപോലും കണ്ടെത്തി കോടതിയിൽ ഹാജരാക്കി. കാൽപ്പാടുകൾ, കുപ്പായത്തിന്റെ കഷ്‌ണം എന്നിവയെല്ലാം അന്വേഷണം പ്രതിയിലേക്കെത്തിച്ചു. സാക്ഷികൾ കൃത്യമായി മൊഴി നൽകിയതും പ്രധാനമാണ്. പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തിയത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനായത് അന്വേഷക സംഘത്തിന്റെ വിജയമാണ്. വിധിയിൽ തൃപ്‌തരാണ്. ഇരട്ടക്കൊല കേസിലും ഫലപ്രദമായ നടപടികൾ സ്വീകരിക്കും. രണ്ടാമത്തെ കൊലപാതകം നടന്നപ്പോൾ പൊലീസ് കൂടുതൽ ഉൗർജിതമായി പ്രവർത്തിച്ചു. ഇരട്ടക്കൊല കേസ് വിചാരണ സാധ്യമായ വേഗത്തിൽ തുടങ്ങും. സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂസലില്ലാതെ ചെന്താമര
പാലക്കാട് സജിത വധക്കേസ് വിധി പ്രഖ്യാപിച്ചപ്പോൾ കൂസലില്ലാതെ ചെന്താമര. ശനി പകൽ 11നാണ് ചെന്താമരയെ പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയിൽ എത്തിച്ചത്. പൊലീസ് വാഹനത്തിന്റെ നടുവിലത്തെ സീറ്റിൽ കുറ്റബോധമോ ഭയമോ ഇല്ലാതെ അയാൾ ഇരുന്നു. വാഹനത്തിൽനിന്ന് ഇറക്കി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും നിസംഗഭാവം. കേസ് വിളിച്ചപ്പോഴും പ്രതിക്കൂട്ടിൽ കയറുമ്പോഴും ജഡ്‌ജി കെന്നത്ത് ജോർജ് വിധി പറയുമ്പോഴും മുഖത്ത് ഭാവഭേദമുണ്ടായിരുന്നില്ല. വിധി പകർപ്പിനായി കോടതി വരാന്തയിൽ പൊലീസുകാർക്കൊപ്പം കാത്തിരിക്കുമ്പോഴും മലമ്പുഴ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും അതേഭാവം. മാധ്യമപ്രവർത്തകർ പ്രതികരണമാരാഞ്ഞെങ്കിലും ഒന്നും പറഞ്ഞില്ല. കൊല്ലപ്പെട്ട സജിതയുടെ ശരീരത്തില്‍ 17 വെട്ടുകളാണ് ഉണ്ടായിരുന്നത്. കൊലപാതകത്തില്‍ കുറ്റബോധമില്ല എന്നായിരുന്നു പ്രതി പൊലീസിനോടും മാധ്യമങ്ങളോടും മുമ്പ് പറഞ്ഞിരുന്നത്.









0 comments