നാൾവഴി

ഭാര്യ പിണങ്ങിപ്പോയതിന് അയൽക്കാരായ മൂന്നുപേരെ ക്രൂരമായി കൊലപ്പെടുത്തുക. കേരളം ഞെട്ടിയ പകയുടെ കൊലപാതക പരന്പരയാണ് നെന്മാറ പോത്തുണ്ടിയിൽ നടന്നത്. 2019 ആഗസ്ത് 31നാണ് സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഇൗ കേസിൽ ജാമ്യത്തിൽ കഴിയവേ, 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെയും കൊലപ്പെടുത്തി.
14 സെപ്തംബർ 2018
പ്രതി ചെന്താമര (ചെന്താമരാക്ഷൻ) തർക്കത്തെ തുടർന്ന് അയൽവാസികളായ സജിത, പുഷ്പ, വസന്ത എന്നിവരെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്ന് തൊഴിലുറപ്പ് എഡിഎസ് ആയിരുന്ന ഭാര്യ വിലാസിനിയോട് ആവശ്യപ്പെടുന്നു. വിസമ്മതിച്ച വിലാസിനിയെ ഇയാൾ വടിവാളുപയോഗിച്ച് ഭീക്ഷണിപ്പെടുത്തുന്നു. പിന്നീട് ഭാര്യയും മകളും ചെന്താമരയിൽനിന്ന് വേർപെടുന്നു. കുടുംബം പിരിയാൻ സജിതയാണ് കാരണമെന്ന് പ്രതി വിശ്വസിക്കുന്നു.
31 ആഗസ്ത് 2019 (കൊലപാതക ദിനം)
രാവിലെ 10ന് സജിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറുന്നു. ഹാളിനുള്ളിലുണ്ടായിരുന്ന സജിതയെ ഫ്രിഡ്‌ജ് വച്ചിരുന്ന മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നശേഷം കഴുത്തിലും കൈകളിലും കുത്തി പരിക്കേൽപ്പിക്കുന്നു. സജിത സംഭവസ്ഥലത്തുതന്നെ മരിച്ചു. തെളിവ് നശിപ്പിക്കാൻ പ്രതി സ്വന്തം വീട്ടിലെത്തി ഇട്ടിരുന്ന ഷർട്ട് കത്തിച്ചു. സിം കാർഡ് ദൂരെയെറിഞ്ഞു. സംഭവസമയത്ത് സജിത വീട്ടിൽ ഒറ്റയ്ക്കായിരുന്നു. 11.30 ഓടെ സജിതയെ മരിച്ചനിലയിൽ കണ്ടെത്തിയ അയൽക്കാർ നെന്മാറ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
1 സെപ്തംബർ 2019
രാത്രി എട്ടോടെ പ്രതിയെ പ്രത്യേക അന്വേഷകസംഘം പിടികൂടി. സജിതയുടെ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും മറ്റും ഗുരുതര വെട്ടേറ്റ പരിക്കുകൾ കണ്ടെത്തി.
2 സെപ്തംബർ 2019
ഒൗദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നു. പ്രതിയുടെ വീട്ടിൽനിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം, മുണ്ട്, കത്തിച്ച ഷർട്ടിന്റെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി.
21 ഡിസംബർ 2019
കേസിൽ അന്തിമ റിപ്പോർട്ട് ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേസ് വിധിപറയാൻ പാലക്കാട് സെഷൻ കോടതിയിലേക്ക് മാറ്റി. 2022 മെയ് 27 വരെ ചെന്താമര കസ്റ്റഡിയിൽ തുടർന്നു. ഉപാധികളോടെ ജാമ്യം ലഭിച്ച പ്രതി 17 മാസത്തിനുശേഷം ഇളവ് തേടി കോടതിയെ സമീപിക്കുന്നു.
2025 ജനുവരി 27
ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറയിലെത്തിയ പ്രതി സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെ കൊലപ്പെടുത്തി (ഇരട്ടക്കൊലപാതകത്തിൽ വിചാരണ പ്രത്യേകം)
18 ഫെബ്രുവരി 2025
ചെന്താമരയുടെ ജാമ്യം റദ്ദാക്കുന്നു.
15 മാർച്ച് 2025
റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നു.
27 മെയ് 2025
പ്രതിക്കെതിരെ ഐപിസി 302, 449, 201 കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. പ്രതികുറ്റം നിഷേധിച്ച് വിചാരണ ആവശ്യപ്പെടുന്നു.
4 ആഗസ്ത് 2025
ഫോറൻസിക് ലാബ് ഫലത്തിന്റെ കൂടി പിൻബലത്തിൽ വിചാരണ ആരംഭിക്കുന്നു.
14 ഒക്ടോബർ 2025
സജിത കേസിൽ അതിക്രമിച്ച് കടക്കൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നു.









0 comments