മൺചട്ടിയിലെ വിദേശ രുചി
ചെർപ്പുളശേരിയിൽ ഹിറ്റായി ‘ലോഡഡ് ഫ്രൈസ്'

ചെർപ്പുളശേരി കഫെ 51ൽ ലോഡഡ് ഫ്രൈസ് കഴിക്കുന്ന വിദ്യാർഥികൾ
സി പി മുഹമ്മദ്‌നൗഫൽ
Published on Jun 18, 2026, 12:16 AM | 1 min read
ചെർപ്പുളശേരി
നാടൻ രുചികൾക്കൊപ്പം വിദേശ വിഭവങ്ങളെയും നെഞ്ചേറ്റിയിരിക്കുകയാണ് ചെർപ്പുളശേരി നഗരം. ഭക്ഷണപ്രേമികൾക്കിടയിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം "കഫേ 51' ഭക്ഷണശാലയിലെ സ്പെഷ്യൽ വിഭവമായ "ലോഡഡ് ഫ്രൈസ്' ആണ്. സാധാരണ ഫ്രഞ്ച് ഫ്രൈസിനുമുകളിൽ ഉരുകിയ ചീസ്, വിവിധ സോസുകൾ, മസാലക്കൂട്ടുകൾ എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ് ലോഡഡ് ഫ്രൈസ്. ഫ്രൈസിന്റെ ക്രഞ്ചും ചീസിന്റെ മൃദുത്വവും നൽകുന്ന സ്വാദാണ് ഏവരെയും ആകർഷിക്കുന്നത്. എന്നാൽ രുചിയേക്കാളുപരി ഇതൊരു കൂട്ടായ്മയുടെ ഭക്ഷണമാണെന്നതാണ് പ്രത്യേകത. ചൂട് നിലനിർത്തുന്ന മൺചട്ടിയിലാണ് ഇവ വിളമ്പുന്നത്. മേശപ്പുറത്തെത്തുന്ന മൺചട്ടിയിൽനിന്ന് ഉയരുന്ന ചൂടും ചീസിന്റെ മണവും കൗതുകമുണർത്തുന്നതാണ്. ഈ ഒറ്റച്ചട്ടിയിൽനിന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ചിരുന്ന് പങ്കിട്ടുകഴിക്കുന്ന രീതി യുവതലമുറ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ചെർപ്പുളശേരിയിലെ പ്രധാന റോഡിൽനിന്നൽപ്പം മാറി സ്ഥിതിചെയ്യുന്ന കഫേയാണെങ്കിലും വാമൊഴിയായും സമൂഹമാധ്യമങ്ങളിലൂടെയും അറിഞ്ഞാണ് ഇവിടേക്ക് ഭക്ഷണപ്രേമികൾ ഒഴുകിയെത്തുന്നത്. വിദേശത്ത് ജനിച്ച ഒരു ഫാസ്റ്റ് ഫുഡ് വിഭവം, നാട്ടിൻപുറത്തിന്റെ മൺചട്ടിയിലൂടെ ചെർപ്പുളശേരിയിൽ പുതിയൊരു ഭക്ഷണസംസ്കാരത്തിന് വഴിമാറുകയാണ്.











0 comments