തുടരാതെ വേനൽമഴ
നെൽക്കർഷകർ പ്രതിസന്ധിയിൽ

സ്വന്തം ലേഖിക
പാലക്കാട്
വൈകിയെത്തിയ വേനൽമഴ തുടർന്ന് പെയ്യാത്തതിൽ നെൽകർഷകർ ആശങ്കയിൽ. ഒന്നാംവിളയായ വിരിപ്പുകൃഷിയുടെ ഒരുക്കങ്ങളെയാണ് മഴക്കുറവ് സാരമായി ബാധിച്ചത്. മെയ് ആദ്യവാരം ലഭിച്ച മഴയിൽ പല കർഷകരും പൊടിവിത തുടങ്ങിയിരുന്നു. പിന്നീട് മഴ കുറഞ്ഞതാണ് വിനയായത്. വേനൽമഴയിൽ 37 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ വിത്തുകൾ മണ്ണിനടിയിൽ കിടന്ന് നശിച്ചുപോകുമോ എന്ന ആശങ്കയിലാണ് കർഷകർ. വിത്തു നശിച്ചാൽ വീണ്ടും നിലമൊരുക്കി രണ്ടാമതും വിതയ്ക്കേണ്ടി വരും. ഇത് വിത്തിന്റെ ചെലവ്, ഉഴവുകൂലി, തൊഴിലാളികളുടെ കൂലി എന്നിവ ഇരട്ടിയാക്കും. പാടങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ നെൽച്ചെടിയേക്കാൾ വേഗത്തിൽ കളകൾ വളർന്നു പന്തലിക്കുന്നതും കർഷകർക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുന്നു. മലമ്പുഴ ഉൾപ്പെടെയുള്ള ജലസേചന പദ്ധതികളിലെ കനാലുകളിൽ ജലനിരപ്പ് താഴ്ന്നതിനാൽ പാടശേഖരങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം എത്തുന്നില്ല. മണ്ണിലെ അമ്ലാംശം (അസിഡിറ്റി) കഴുകിപ്പോകാൻ മഴയില്ലാത്തത് തിരിച്ചടിയാകുന്നു. വരണ്ട അന്തരീക്ഷം കാരണം ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ, ചാഴി തുടങ്ങിയ കീടങ്ങളുടെ ആക്രമണവും വർധിച്ചിട്ടുണ്ട്. രണ്ടാംവിള വില വിതരണം വൈകുന്നതും രാസവളത്തിന്റെ വിലവർധനയ്ക്കും പുറമെയാണ് മഴക്കുറവും കർഷകർക്ക് ദുരിതമാകുന്നത്.










0 comments