ad
Deshabhimani

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം: മന്ത്രി കെ കൃഷ്ണൻകുട്ടി

നാടെങ്ങും റിപ്പബ്ലിക്‌ ദിനാഘോഷം

Republic Day Celebration

റിപ്പബ്ലിക്‌ ദിനത്തിൽ പാലക്കാട്‌ കോട്ടമൈതാനത്ത് മന്ത്രി കെ കൃഷ്‌ണൻകുട്ടി സല്യൂട്ട്‌ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:00 AM | 1 min read

പാലക്കാട്‌

ഇന്ത്യയുടെ 77–ാമത് റിപ്പബ്ലിക്‌ ദിനം നാടെങ്ങും വിപുലമായി ആഘോഷിച്ചു. സർക്കാർ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, സ്‌കൂൾ, കോളേജ്‌, ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തി. എംഎൽഎമാർ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന അധ്യക്ഷർ എന്നിവർ പതാക ഉയർത്തി. പാലക്കാട്‌ കോട്ടമൈതാനത്ത്‌ മന്ത്രി കെ കൃഷ്ണന്‍കുട്ടി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് 'സോഷ്യലിസം', ‘മതേതരത്വം' എന്നീ പദങ്ങൾ നീക്കണമെന്ന വാദങ്ങൾ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്നതാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് സാമ്പത്തിക അസമത്വമാണ്. ദരിദ്രരായ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യവും സാധാരണക്കാരന് മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനാധിപത്യം പൂർണമാകില്ല. ബദൽ വികസന സംസ്കാരമാണ് കേരളം പിന്തുടരുന്നത്‌. കേരളത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ കഴിഞ്ഞത് സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ അധിഷ്ഠിതമായ ഭരണത്തിന്റെ വിജയമാണ്. ലോകത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പ്രദേശമായി കേരളം മാറി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും പാലക്കാടിന്റെ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന കൊച്ചി–-ബംഗളൂരു വ്യാവസായിക ഇടനാഴിയും സംസ്ഥാനത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകങ്ങളാണെന്നും മന്ത്രി പറഞ്ഞു. ആശ ശര്‍മ്മ പരേഡ് നയിച്ചു. റിസര്‍വ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ജയന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. കെഎപി രണ്ടാം ബറ്റാലിയന്‍, പ്രാദേശിക പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, വനം വകുപ്പ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്സ്, എസ്‌പിസി, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയ വിഭാഗങ്ങളിലായി 24 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. കലക്ടര്‍ എം എസ് മാധവിക്കുട്ടി, ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home