ഡിഎംഒയുടെ സ്ഥലമാറ്റം
പിന്നിൽ കോൺഗ്രസ് നേതാവിന്റെ ഇടപെടൽ

പ്രത്യേക ലേഖകൻ
പാലക്കാട്
മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ മെഡിക്കൽ ഓഫീസർ ടി വി റോഷിനെ വയനാട്ടിലേക്ക് മാറ്റിയതിന് പിന്നിൽ ജനപ്രതിനിധി കൂടിയ കോൺഗ്രസ് നേതാവിന്റെ അനിഷ്‌ടം. അടുത്തിടെ നടന്ന ഒരു ഉദ്‌ഘാടന പരിപാടിയിൽ അവഗണിച്ചുവെന്ന ആക്ഷേപം ഉന്നയിച്ചാണ് ആരോഗ്യമന്ത്രിയെ നേരിൽ വിളിച്ച് സ്ഥലംമാറ്റാൻ ആവശ്യപ്പെട്ടത്. ജില്ലയിൽ കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന വസ്‌തുതാപരമല്ലെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡിഎംഒയെ മാറ്റിയതെന്നാണ് പുറത്ത് പറയുന്നതെങ്കിലും ഇൗ നേതാവിന്റെ ഇഷ്ടത്തിന് വഴങ്ങാത്തതിന്റെ പ്രതികാരമാണ് സ്ഥലംമാറ്റത്തിന് പിന്നിലുള്ള കാരണം. ഇതിനായി ജില്ലയിൽനിന്നുള്ള മന്ത്രിയും സമ്മർദം ചെലുത്തി. പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്‌താവന ഡിഎംഒ തിരുത്തിയത് വിവാദമായിരുന്നു. പാലക്കാട് ലെക്കിടിയിൽ രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. അത് തെറ്റാണെന്ന് ഡിഎംഒ ഉടൻ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇത് ആരോഗ്യമന്ത്രിയെയും പ്രകോപിപ്പിച്ചു. മന്ത്രിക്ക് പറ്റിയ തെറ്റ് തിരുത്തിയതിൽ എന്താണിത്ര കുഴപ്പമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. പാലക്കാട്ട് രണ്ടുപേർക്ക് കോളറയില്ലെന്ന് സ്ഥിരീകരിച്ച ഡിഎംഒയെ ആരോഗ്യമന്ത്രി താക്കീത് നൽകയതും വാർത്തയായിരുന്നു. താക്കീത് ചെയ്‌തിട്ടുണ്ടെന്നും തൽക്കാലം മറ്റു നടപടികളിലേക്ക് പോകുന്നില്ലെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചിരുന്നു. എന്നാൽ, അതിന് പിന്നാലെയാണ് സ്ഥലംമാറ്റം. പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സന്ദർഭത്തിൽ സർക്കാരിന്റെ ശ്രദ്ധ കോൺഗ്രസ് നേതാക്കൾ നൽകുന്ന സ്ഥലംമാറ്റ പട്ടിക നടപ്പാക്കുന്നതിലാണെന്ന ആക്ഷേപം ശക്തമാണ്. ഒരോ നേതാവിനും താൽപ്പര്യമുള്ള ഉദ്യോഗസ്ഥരെ ചില വകുപ്പുകളിൽ നിയമിക്കുന്നതും വ്യാപകമായിട്ടുണ്ട്. ജില്ലയിലെ ആരോഗ്യ സംവിധാനത്തിൽ കർക്കശമായി ഇടപെടുന്ന ഡിഎംഒയെ മാറ്റിയതിൽ ആരോഗ്യവകുപ്പ് ജീവനക്കാരിലും അതൃപ്‌തിയുണ്ട്.
എഫ്‌എസ്‌ഇടിഒ പ്രതിഷേധിച്ചു
പാലക്കാട്
ജില്ലാ മെഡിക്കൽ ഓഫീസറെ മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റിയതിനെതിരെ എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പാലക്കാട് ഡിഎംഒ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം കെജിഒഎ സംസ്ഥാന സെക്രട്ടറി പി സെയ്തലവി ഉദ്‌ഘാടനം ചെയ്തു. എൻജിഒയു ജില്ലാ പ്രസിഡന്റ് കെ മഹേഷ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ സുരേഷ്, കെജിഒഎ ഏരിയ സെക്രട്ടറി പി എം ബിജു, പി കെ രാമദാസ്, ബി രാജേഷ് എന്നിവർ സംസാരിച്ചു.











0 comments