ad
Deshabhimani

എം പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരകം ഉദ്ഘാടനം ഇന്ന്

അരണ്ടപ്പള്ളം ആറു: ജില്ലയിലെ ആദ്യ രക്തസാക്ഷി

വെടിയേറ്റുവീണ അരണ്ടപ്പള്ളം ആറു(ഫയൽ ചിത്രം)

വെടിയേറ്റുവീണ അരണ്ടപ്പള്ളം ആറു (ഫയൽ ചിത്രം)

avatar
വി കെ രഘുപ്രസാദ്‌

Published on Mar 03, 2026, 01:25 AM | 2 min read

​പോർനിലങ്ങളിൽ ജീവൻ ഹോമിച്ച രക്തസാക്ഷികളാണ്‌ സാമൂഹ്യമുന്നേറ്റത്തിന്റെ പാത തെളിച്ചത്‌. അവരുടെ ചോരവീണ മണ്ണിലാണ്‌ ‍ഇന്നീ കാണുന്ന മാറ്റങ്ങളുടെ വിത്തുവിതച്ചത്‌. അനവധി രക്തസാക്ഷികളുടെ ചുടുരക്തം വീണ മണ്ണിൽ ഇന്നും മായാതെ നിൽക്കുകയാണ്‌ പാലക്കാട്ടെ ആദ്യ രക്തസാക്ഷി അരണ്ടപ്പള്ളം ആറുവിന്റെ ഓർമകൾ. കർഷകത്തൊഴിലാളിയായ ആറുവിന്റെ ഹൃദയരക്തത്തിൽനിന്നുയർന്ന ആ മുദ്രാവാക്യമാണ്‌ ജില്ലയിലാകെ മാറ്റത്തിന്റെ കാറ്റുവിതച്ചത്‌. നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പച്ചവിരിച്ചുനിൽക്കുന്ന ചിറ്റൂർ ഐക്യകേരള രൂപീകരണത്തിനുമുമ്പ്‌ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ തമിഴ് സ്വാധീനം പ്രകടം. പ്രമാണി വർഗത്തിന്റെ കൽപ്പനകൾക്കപ്പുറം ഇലയനങ്ങാത്തകാലം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുപോലും ഇടപെടാൻ കഴിയാത്തവിധം ജനങ്ങളെ അടിമസമാനമാക്കി നിർത്തിയിരുന്ന ഭൂപ്രഭുക്കളാണ് ചിറ്റൂർ ഉൾപ്പെടുന്ന അതിർത്തി മേഖലകളിൽ ഭരണം നടത്തിയിരുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കാര്യമായി സ്വാധീനമില്ലാത്ത കാലത്ത് ജന്മികളുടെയും ഗുണ്ടകളുടെയും തീട്ടൂരങ്ങൾക്ക് വഴങ്ങി ജീവിക്കാൻ ജനങ്ങൾ നിർബന്ധിതരായി. ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് പ്രചാരണംപോലും അസാധ്യമായിരുന്നു. 1957 ഏപ്രിൽ അഞ്ചിന്‌ കേരളത്തിൽ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. ഏപ്രിൽ 11ന്‌ കുടിയൊഴിപ്പിക്കൽ നിരോധനനിയമം ഓർഡിനൻസായി പുറത്തിറങ്ങി. ഇതിൽ വിറളിപൂണ്ട ജന്മി –നാടുവാഴികൾ പാട്ടക്കുടിയാന്മാരായ കർഷകരെ ഒഴിപ്പിക്കാൻ തുടങ്ങി. ന്യായമായ കൂലിയും പതമ്പും സ്ഥിരംതൊഴിലും കർഷകത്തൊഴിലാളികൾക്ക്‌ അന്യമായിരുന്നു. പാടത്ത് കതിരുപെറുക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടിരുന്നു. ഇതിനെല്ലാമെതിരെ കമ്യൂണിസ്റ്റ്‌ പാർടിയുടെയും കർഷകസംഘത്തിന്റെയും നേതൃത്വത്തിൽ ചെറുത്തുനിൽപ്പ്‌ സമരങ്ങൾ നടന്നു. സമരം കൊടുമ്പിരിക്കൊണ്ട 1957 ഒക്ടോബർ ഒന്നിനാണ് ആറു വെടിയേറ്റ് മരിച്ചത്. അരണ്ടപ്പള്ളം വേലുക്കുട്ടി എന്ന ജന്മി കൃഷിക്കാരനായ ദാമോദരനെ ഒഴിപ്പിച്ചു. ഇതിനിടയിൽ പാറക്കാൽ പഴണൻ എന്ന കമ്യൂണിസ്റ്റ് നേതാവിനെ ജന്മി കെട്ടിയിട്ടുവെന്ന വാർത്ത പരന്നു. കർഷകത്തൊഴിലാളികൾ പ്രതിഷേധ പ്രകടനവുമായെത്തി. രാത്രി 7.30ന് ജാഥയ്‌ക്കുനേരെ ജന്മി വെടിവച്ചു. മായപ്പൻ എന്ന കർഷകത്തൊഴിലാളിയുടെ കാലിന് ആദ്യ വെടിയേറ്റു. രണ്ടാമത്തെ വെടി ആറുവിന്റെ ജീവനെടുത്തു. ആറുവിന്റെ രക്തസാക്ഷിത്വത്തിനുശേഷം കർഷകത്തൊഴിലാളികളുടെ അവകാശസമരം കൂടുതൽ കരുത്താർജിച്ചു. സമരങ്ങളെ അടിച്ചമർത്തുക എന്നതിനപ്പുറം അതിന്‌ നേതൃത്വം നൽകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെയും സിപിഐ എമ്മിനെയും കായികമായി ഇല്ലാതാക്കാൻ അതിക്രൂരമായ മർദനവും കൊലപാതകങ്ങളുമാണ്‌ ജന്മികളും വലതുപക്ഷ– പ്രതിലോമ സംഘടനകളും അന്നുമുതൽ ആരംഭിച്ചത്‌. ജാതീയതയ്‌ക്കും വർഗീയതയ്‌ക്കും കോൺഗ്രസിന്റെ ഗുണ്ടായിസത്തിനുമെതിരെനടത്തിയ അനവധി പോരാട്ടങ്ങളിൽ 55 പേരാണ്‌ ചുടുരക്തം ചിന്തി രക്തസാക്ഷികളായത്‌. അവരുടെ ഓർമകളിൽ പടുത്തുയർത്തിയ ചെങ്കൊടി പ്രസ്ഥാനമാണ്‌ ജില്ലയിൽ ഇടതുപക്ഷത്തിന്റെ കരുത്തും ആവേശവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home