മഴ കുറയുന്നു; നിറയാതെ അണക്കെട്ടുകൾ

സ്വന്തം ലേഖകൻ
Published on Aug 12, 2026, 12:18 AM | 1 min read
പാലക്കാട്
ജില്ലയിൽ ഒരാഴ്‌ച തുടർച്ചയായി മഴ ലഭിച്ചിട്ടും അണക്കെട്ടുകളിൽ വെള്ളം നിറഞ്ഞില്ല. നിലവിൽ കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളിൽ ഷട്ടറുകൾ തുറന്നെങ്കിലും മറ്റ് അണക്കെട്ടുകളിൽ ഇപ്പോഴും ആകെ സംഭരണശേഷിയുടെ പകുതിമാത്രമാണ് വെള്ളം. കാഞ്ഞിരപ്പുഴ – 81 ശതമാനം, മംഗലം – 78, ശിരുവാണി – 44, മീങ്കര – 21, വാളയാർ – 19, മലമ്പുഴ – 40, പോത്തുണ്ടി – 53, ചുള്ളിയാർ – 16 എന്നിങ്ങനെയാണ് നിലവിലെ വെള്ളത്തിന്റെ അളവ്. കഴിഞ്ഞ വർഷം ഇൗ ദിവസങ്ങളിൽ ജില്ലയിലെ എട്ട് അണക്കെട്ടുകളിലും ഷട്ടറുകൾ തുറന്നിരുന്നു. മൂലത്തറ അണക്കെട്ട് 40 സെന്റിമീറ്ററും കാഞ്ഞിരപ്പുഴ അണക്കെട്ട് 25 സെന്റിമീറ്ററും മംഗലം അണക്കെട്ട് 20 സെന്റിമീറ്ററും ശിരുവാണി അഞ്ച് സെന്റിമീറ്ററും മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ അണക്കെട്ടുകൾ മൂന്ന് സെന്റിമീറ്ററും മീങ്കര രണ്ട് സെന്റിമീറ്റർ വീതവുമാണ് തുറന്നത്. മീങ്കര, വാളയാർ അണക്കെട്ടുകളിൽ ചുവപ്പ് ജാഗ്രതയുണ്ടായിരുന്നു. 156.36 മീറ്റർ പരമാവധി ജലനിരപ്പുള്ള മീങ്കരയിൽ 156.14 മീറ്റർവരെ ജലനിരപ്പ് ഉയർന്നു. സംഭരണശേഷിയുടെ 93 ശതമാനം വെള്ളമുണ്ടായി. 203 മീറ്റർ പരമാവധി ജലനിരപ്പുള്ള വാളയാറിൽ 202.44 മീറ്ററായിരുന്നു ജലനിരപ്പ്. 94 ശതമാനം വെള്ളമുണ്ടായി. പോത്തുണ്ടി, ചുള്ളിയാർ അണക്കെട്ടുകളിൽ ഓറഞ്ച് ജാഗ്രതയായിരുന്നു. ഇത്തവണ വേനൽമഴ കനിയാതായപ്പോൾ അണക്കെട്ടുകളിൽ നിലംകണ്ടു. മെയ് അവസാനത്തോടെ മഴ ലഭിക്കുമെന്ന പ്രതീക്ഷയും തെറ്റി. ജൂൺ അവസാനത്തിലെത്തിയപ്പോൾ സംഭരണശേഷിയുടെ പകുതിയിൽ താഴെമാത്രമായിരുന്നു വെള്ളം. ജൂലൈ അവസാനത്തിൽ മഴ കനത്തപ്പോൾ അണക്കെട്ടുകളിൽ വെള്ളം നിറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിഫലമായി. നിലവിൽ ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. ശനിയാഴ്‌ചവരെ മിതമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പ്.










0 comments