കെട്ടുറപ്പില്ലാതെ സ്വപ്നങ്ങൾ

സാധന സാമഗ്രികളുടെ വിലക്കയറ്റത്തെ തുടർന്ന് നിർമാണം പാതിവഴിയിലായ മലമ്പുഴയിലെ ബാബു കളത്തിലിന്റെ വീട്

സായൂജ് ചന്ദ്രന്‍
Published on May 12, 2026, 12:00 AM | 1 min read
പാലക്കാട്
"സിമന്റിനും കല്ലിനുമെല്ലാം വിലകൂടി, പെട്ടെന്ന് വീട് ഉയരണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകില്ലേ' നിർമാണമേഖലയിൽ വിലക്കയറ്റം രൂക്ഷമായതോടെ തുടങ്ങിവച്ച വീടുപണി പൂർത്തിയാക്കാനാകാതെ സാധാരണക്കാർ. മഴക്കാലത്തിനുമുമ്പ് പൂർത്തിയാക്കി താമസം തുടങ്ങാനിരിക്കുന്ന കുടുംബങ്ങളാണ് കണ്ണീർ പെരുമഴയിൽ മുങ്ങുന്നത്. നിലവിലെ വീട് പുതുക്കിപ്പണിയുന്നവരുടെയും പുതിയ സ്ഥലം കണ്ടെത്തി വീട് പണിയുന്നവരുടെയുമെല്ലാം സ്വപ്നങ്ങൾ പാതിവഴിയിൽ. കല്ല്, ഇഷ്ടിക, സിമന്റ് എന്നിവയ്ക്കെല്ലാം വില കൂടി. സിമന്റിന് മാത്രം 80 രൂപയുടെ വർധന. സാധാരണക്കാരുടെ ആശ്രയമായ ഹോളോബ്രിക്സിന് രണ്ടാഴ്‌ചക്കിടെ അഞ്ച് രൂപയോളം വർധിച്ചു. കമ്പി വിൽപ്പനയിൽ വിള്ളൽ വീണതോടെ വാർപ്പിന് ഒരുങ്ങി നിൽക്കുന്ന വീടുകളും മുട്ടിലും പലകയിലുമൊതുങ്ങി. വീടുപണി കൂട്ടമായി മുടങ്ങിയതോടെ തൊഴിലാളികളും പ്രതിസന്ധിയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിനും എസ്‌ഐആർ നടപടികളെ തുടർന്നും നിരവധി അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചുപോയി. ഇതോടെ മലയാളികളായ തൊഴിലാളികൾക്കും തൊഴിലില്ലാതെയായി. ഇതിനിടയിൽ രണ്ടാഴ്‌ചയ്‌ക്കിടെ ഉണ്ടായ വിലക്കയറ്റവും ജോലിയെ ബാധിച്ചു. പ്രതിസന്ധി രൂക്ഷമായിട്ടും വിലക്കയറ്റത്തിന് പരിഹാരം കണ്ടെത്താതെ ഓടിയൊളിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനരോഷം ഇരമ്പുകയാണ്.










0 comments