ad
Deshabhimani

ഒരു മാസത്തിനിടെ പഞ്ചസാരയ്‌ക്ക്‌ 10 രൂപ വർധിച്ചു

അടുക്കള പൊള്ളുന്നു

പാലക്കാട് വലിയങ്ങാടിയിൽ വാഴപ്പഴ മൊത്ത വിപണന കട

പാലക്കാട് വലിയങ്ങാടിയിൽ വാഴപ്പഴ മൊത്ത വിപണന കട

avatar
സ്വന്തം ലേഖകൻ

Published on Jul 26, 2026, 12:10 AM | 2 min read

പാലക്കാട്‌

അരി, പഞ്ചസാര ഉൾപ്പെടെയുള്ള മിക്ക വ്യഞ്ജനങ്ങൾക്കും വിലവർധിച്ചു. ഒരു കിലോ പഞ്ചസാരയ്‌ക്ക്‌ ചില്ലറ വിപണിയിൽ നിലവിൽ 52–54 രൂപയാണ്‌. ഗ്രാമങ്ങളിലെ ചെറിയ കടകളിൽ 55 രൂപവരെ ഇ‍ൗടാക്കുന്നുണ്ട്‌. ഒരു മാസത്തിനിടെ പത്തിലധികം രൂപയാണ്‌ വർധിച്ചത്‌. കഴിഞ്ഞ മാസം കിലോയ്‌ക്ക്‌ 43 രൂപയായിരുന്നു. രണ്ടാഴ്‌ച മുന്പ്‌ 46 ആയി. കഴിഞ്ഞാഴ്‌ച അന്പതിലേക്ക്‌ കുതിച്ചു. കൺസ്യൂമർഫെഡിന്റെ ത്രിവേണി സ്‌റ്റോറുകളിൽ സബ്‌സിഡിയില്ലാത്ത പഞ്ചസാരയ്‌ക്ക്‌ 47 രൂപയാണ്‌. ഇ-–20 പെട്രോളിനാവശ്യമായ എഥനോൾ നിർമാണത്തിന് കരിമ്പ് കൂടുതൽ ഉപയോഗിച്ച്‌ തുടങ്ങിയതോടെ പഞ്ചസാര ഉൽപ്പാദനത്തിൽ വന്ന കുറവാണ് വിലക്കയറ്റത്തിനുകാരണം. കേരളത്തിലേക്ക് ആവശ്യമായ പഞ്ചസാരയുടെ നല്ലൊരു ശതമാനവും എത്തുന്നത് മഹാരാഷ്ട്രയിൽനിന്നാണ്. മഹാരാഷ്ട്രയ്‌ക്കുപുറമെ ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലാണ്‌ വ്യാപകമായി കരിന്പ്‌ കൃഷിയുള്ളത്‌. പഞ്ചസാര ഉൽപ്പാദനത്തെ അപേക്ഷിച്ച് കരിമ്പിൽനിന്ന് എഥനോൾ നിർമിക്കുന്നതാണ്‌ പഞ്ചസാരമില്ലുകൾക്ക് കൂടുതൽ ലാഭം. പഞ്ചസാരയ്‌ക്കൊപ്പം ശർക്കര വിലയും ഉയരുന്നുണ്ട്‌. കിലോയ്‌ക്ക്‌ അന്പതിനുമുകളിലാണ്‌ മൊത്തവിപണിയിലെ വില.

വാഴപ്പഴം വില കുതിക്കുന്നു

ഓണത്തിന് മുന്പേ വാഴപ്പഴ വിപണിയിൽ വില കുതിച്ചുയരുന്നു. നേന്ത്രക്കായക്കൊപ്പം ചെറുപഴങ്ങൾക്കും വലിയ തോതിൽ വില വർധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന നേന്ത്രക്കായയ്‌ക്ക്‌ നിലവിൽ 60 രൂപയാണ്. മൊത്തവിപണിയിൽ 52 രൂപയുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന. അട്ടപ്പാടിയിൽ നിന്നും വയനാട്ടിൽ നിന്നുമാണ് പ്രധാനമായും കായ എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള കായവരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉൽപ്പാദനം കുറഞ്ഞതിനൊപ്പം, തമിഴ്‌നാട്ടിലെ ആടിമാസ പൂജകൾക്ക്‌ ധാരാളം പഴം ഉപയോഗിക്കുന്നതാണ് വില വർധിക്കാൻ കാരണം. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന ഞാലിപ്പൂവന് നിലവിൽ 90 രൂപയായി. പച്ചക്കായ: 77, പാളയങ്കോടൻ: 40, വെണ്ണീർ പൂവൻ: 60, റോബസ്റ്റ്: 50, കദളിപ്പഴം എന്നിങ്ങനെയാണ്‌ മറ്റുള്ളവയുടെ വില. കദളിപ്പഴത്തിന് കനത്ത വിലയ്ക്കൊപ്പം കടുത്ത ക്ഷാമവും വിപണിയിലുണ്ട്. ഉയർന്ന വില നൽകിയാലും പല കടകളിലും ഇത് ലഭ്യമല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഓണക്കാലത്ത് താരതമ്യേന നേന്ത്രക്കായയ്ക്ക് വില കുറവായിരുന്നു(ശരാശരി 50 രൂപ)

അരിക്ക്‌ തീവില

കിലോയ്‌ക്ക്‌ മൂന്നുമുതൽ അഞ്ചുരൂപവരെയാണ്‌ അരിക്ക് കൂടിയത്. 42 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക്‌ 47 ര‍ൂപയാണിപ്പോൾ. 48 രൂപയുണ്ടായിരുന്നതിന്‌ 52 ഉം. കുറുവ അരിയുടെ വില തുടങ്ങുന്നത്‌ 41 രൂപ മുതലാണ്‌. വടിമട്ടയുടെ വില 54ൽനിന്ന്‌ 57 ആയി. ബിരിയാണി അരിക്ക്‌ 165 മുതൽ 190 രൂപവരെയാണ്. പരിപ്പിന്‌ ചില്ലറ വിപണയിൽ 130 രൂപയാണ്‌. മുളകിന്റെ വില കുതിപ്പിനുശേഷം ഒന്ന്‌ കുറഞ്ഞിട്ടുണ്ട്‌. കൺസ്യൂമർഫെഡിന്റെ ഒ‍ൗട്ട്‌ലറ്റുകളിൽ കിലോയ്‌ക്ക്‌ 268 രൂപയും മൊത്തവിപണിയിൽ 270 രൂപയുമാണ്‌. അരിക്ക്‌ വില ഉയരുന്പോൾ സംസ്ഥാന സർക്കാർ ഇടപെടുന്നത്‌ കഴിഞ്ഞ കാലങ്ങളിൽ പതിവായിരുന്നു. കൂടുതൽ അരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന്‌ വിലക്കുറവിൽ വാങ്ങി സപ്ലൈകോ വഴി വിതരണം ചെയ്യുന്ന രീതിയുണ്ടായിരുന്നു. എന്നാൽ, യുഡിഎഫ്‌ സർക്കാർ അതിനുള്ള ഒരു ശ്രമവും നടത്തുന്നില്ല.

വൻപയറിന്‌ പൊന്നുംവില

ൽപ്പാദനം കുറഞ്ഞതും ഓണവിപണിയിലേക്ക്‌ കൂടുതൽ ടെൻഡർ കിട്ടുകയും ചെയ്‌തതോടെ വൻപയറിന്‌ പൊന്നും വില. ഏതാനും ദിവസങ്ങൾക്കുമുന്പ്‌ 90 രൂപയായിരുന്നത്‌, ഇപ്പോൾ 115 രൂപയായി. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ വിളവ്‌ കുറവാണ്‌. ഓണത്തിന്‌ കേരളത്തിലെ മൊത്ത വ്യാപാരികളിൽനിന്ന്‌ വലിയ ഓർഡർ ലഭിച്ചതുമാണ്‌ സേലത്തെ വിപണിയിൽ വൻപയറിന്റെ വില കൂടാൻ കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home