തപാൽ ഡിവിഷണൽ, സബ് ഡിവിഷണൽ ഓഫീസ് പൂട്ടാൻ നീക്കം; ജീവനക്കാരും ഉദ്യോഗാർഥികളും പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Aug 14, 2026, 12:00 AM | 1 min read
പാലക്കാട്
തപാൽ മേഖല സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ഡിവിഷനും 15 സബ് ഡിവിഷനുകളും പൂട്ടാനുള്ള കേന്ദ്ര നീക്കം ജീവനക്കാർക്കും ഉദ്യോഗാർഥികൾക്കും പ്രതിസന്ധിയുണ്ടാക്കും. ഓഫീസിന്റെ വലിപ്പവും ചുമതലയും അനുസരിച്ച് ഡിവിഷണൽ ഓഫീസിൽ 15 മുതൽ 35വരെ ജീവനക്കാരാണുണ്ടാവുക. ഡിവിഷൻ മേധാവിയായ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, അസിസ്റ്റന്റ് സൂപ്രണ്ട്, ഓഫീസ് സൂപ്പർവൈസർ, ഡിവിഷണൽ ഓഫീസ് ക്ലർക്കുമാർ, ഒന്നോ രണ്ടോ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് ഓഫീസ് പരിപാലനം എന്നിവ നടത്തുന്ന ജീവനക്കാർ. സബ് ഡിവിഷൺ ഹെഡ്, ഒന്നോ രണ്ടോ മെയിൽ ഓവർസിയർ, ക്ലർക്ക്, ഒരു മൾട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നിങ്ങനെ മൂന്നുമുതൽ അഞ്ചുവരെ ജീവനക്കാരാണ് സബ് ഡിവിഷണൽ ഓഫീസിൽ ഉണ്ടാവുക. ഓഫീസ് പൂട്ടിയാൽ നിരവധി ജീവനക്കാരെ സ്ഥലം മാറ്റണം. പല തസ്‌തികകളും ഇല്ലാതെയുമാകും. ഇതോടെ അമിത ജോലിഭാരവും പുനർവിന്യാസത്തിന്റെ ഭാഗമായുള്ള സ്ഥലംമാറ്റവും ജീവനക്കാരെ പ്രതിസന്ധിയിലാക്കും. ഗ്രാമീണ മേഖലയിലുള്ളവരടക്കം കിലോമീറ്റർ ദൂരത്തുള്ള മറ്റ് ഓഫീസിൽ ജോലി ചെയ്യേണ്ടിവരും. ഒപ്പം അഭ്യസ്‌തവിദ്യരായ ആയിരക്കണക്കിന് ഉദ്യോഗാർഥികളെയും തീരുമാനം ബാധിക്കും. ഡിവിഷണൽ ഓഫീസുകളാണ് കത്ത്, സ്പീഡ് പോസ്റ്റ്, പാഴ്സൽ, ആധാർ സേവനം, മണി ഓർഡർ തുടങ്ങിയവയുടെ വിതരണ മേൽനോട്ടം വഹിക്കുന്നത്. ഇതില്ലാതായാൽ തപാൽ വിതരണം അവതാളത്തിലാകും. പോസ്റ്റ് ഓഫീസ് വഴിയുള്ള പാഴ്‌സൽ സർവീസിന്റെ ഏകോപനവും താളംതെറ്റും. താപാൽ സേവനം സംബന്ധിച്ച പരാതി പരിഹരിക്കാൻ അകലെയുള്ള റീജണൽ ഓഫീസുകളെ ആശ്രയിക്കണം. ഇത് ജനങ്ങളെ ദുരിതത്തിലാക്കും. ഗ്രാമങ്ങളിലെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കേണ്ടത് സബ് ഡിവിഷണൽ ഇൻസ്-പെക്ടർമാരാണ്. സബ് ഡിവിഷണൽ ഓഫീസ് ഇല്ലാതായാൽ ഗ്രാമീണ മേഖലയിലെ തപാൽ സർവീസുകളെ ബാധിക്കും.










0 comments