പന്നിയങ്കര എംഡിഎംഎ വേട്ട
മുഖ്യപ്രതി പിടിയിൽ

വടക്കഞ്ചേരി
പന്നിയങ്കര ടോൾ പ്ലാസയ്‌ക്കുസമീപത്തുനിന്ന് 46 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായ സംഭവത്തിലെ മുഖ്യപ്രതിയെ ബംഗളൂരു മടിവാളയിൽനിന്ന് പിടികൂടി. കോഴിക്കോട് അരീക്കാട് മുരിങ്ങകണ്ടി ഷമീറി(31)നെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 21നാണ് പന്നിയങ്കര ടോൾ പ്ലാസയ്‌ക്കുസമീപത്തുനിന്ന് എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായത്. കോട്ടയം പൊൻകുന്നം പുതുപ്പറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് ഇരുവരും വ്യത്യസ്ഥ ബസുകളിലായി കോട്ടയത്തേക്ക് പോകുകയായിരുന്നു. പന്നിയങ്കരയിൽ ഇറങ്ങിയശേഷം മറ്റൊരു ബസിൽ ഒരുമിച്ച് യാത്രചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ഷമീറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ആറുമാസമായി ബംഗളൂരുവിൽ യൂബർ ടാക്സി ഓടിക്കുന്ന ഷമീർ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരനാണ്. ഇയാളാണ് ഷാഹുൽ ഉൾപ്പെടെ നിരവധി പേർക്ക് മാരകമയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത്. നിരവധി തവണ ഷമീറിൽനിന്ന് എംഡിഎംഎ വാങ്ങിച്ചിട്ടുണ്ടെന്ന് ഷാഹുൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. വടക്കഞ്ചേരി സിഐ എം പി എബി, എഎസ്ഐമാരായ പി വി പ്രദീപ്, ബ്ലെസ്സൻ ജോസ്, സാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോൺക്രൂസ്, സി എം ദേവദാസ്, കെ ലൈജു, എ റിയാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി-----യെ അറസ്റ്റ് ചെയ്തത്.











0 comments